കോഴിക്കോട്: ബൈക്കുമോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശി പിടിയില്‍.  തമിഴ്നാട് കൊടലൂർ മാരിയമ്മൻ കോവിലിനു സമീപം താമസിക്കുന്ന പരമശിവം ആദിമൂലമാണ് കോഴിക്കോട് ടൗൺ സബ്ബ് ഇൻസ്പെക്ടർ കെ ടി ബിജിത്തിന്‍റെ പിടിയിലായത്. തമിഴ്നാട് നിന്നും ട്രെയിനിൽ രാത്രി  നഗരത്തിലെത്തുന്ന ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരം, ആനിഹാൾ റോഡ്, പാളയം എന്നിവിടങ്ങളിൽ കറങ്ങി നടന്നാണ് വാഹനമോഷണം നടത്തിയിരുന്നത്.

പൊലീസ് അന്വേഷണത്തിൽ ഇതുവരെ ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ട അഞ്ച് ബൈക്കുകള്‍ കണ്ടെത്തി. ഇത് കൂടാതെ നിരവധി ബൈക്കുകൾ മറ്റു സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ചിട്ടുണ്ടെന്ന് ഇയാൾ  പൊലീസിനോട് പറഞ്ഞു. ഒരു രാത്രി മാത്രം മൂന്ന് ബൈക്കുകള്‍ മോഷ്ടിച്ചു. അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിൽ പെട്ടയാളാണോ പരമശിവം എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സീനിയർ സി പി ഒ ജയചന്ദ്രൻ, ഓം പ്രകാശ്, സി പി ഒ മാരായ ശ്രീലിൻസ്, രാകേഷ് എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.