കസ്റ്റഡിയിലെടുത്ത് ഉടൻ തന്നെ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. ഗുരുതര പരിക്കേറ്റ ബാര്‍ മാനേജര്‍ ചികിത്സയിലാണ്.

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാര്‍ മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കായിരുന്നു മര്‍ദ്ദനം. രാത്രി ഒന്‍പത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തര്‍ക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീഷിനേയും സുഹൃത്തിനേയും ബാര്‍ ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഒരുമണിക്കൂറിനകം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സംഘം ഗുണ്ടകളെ വിളിച്ചുകൂട്ടി ബാറിലെത്തി. 

സ്കൂട്ടറിൽ വരികയായിരുന്ന ബാര്‍ മാനേജര്‍ ഷിബുവിനെ നിലത്തിട്ട് ചവിട്ടി. തലയ്ക്കുൾപ്പെടെ ശരീരമാസകലം പരിക്കേറ്റ ഷിബു ചികിത്സയിലാണ്. രാഷ്ട്രീയ പിൻബലത്തിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പത്തുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. കസ്റ്റഡിയിലെടുത്ത് ഉടൻ തന്നെ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. 

Read also: യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളി; രണ്ട് പ്രതികള്‍ അറസ്റ്റില്‍

മറ്റൊരു സംഭവത്തില്‍ കൊല്ലം കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി.

ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ടുപ്പേര്‍ തടഞ്ഞു നിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...