കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍  ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചെന്ന് ആരോപണമുയര്‍ന്ന ആളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പുളിഞ്ചുവട് ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയന്‍ ആണ് അരമണിക്കൂറോളം ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അത്യാഹിത വിഭാഗത്തില്‍ വെച്ച് പരിശോധിക്കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.

ശ്വാസംമുട്ടലും ചുമയും ഉണ്ടായിരുന്ന വിജയനെ  സ്വകാര്യ ആംബുലന്‍സിലാണ്  ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് .രാവിലെ 9.15ന് രോഗിയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തി. അരമണിക്കൂര്‍ സമയം ഡോക്ടര്‍മാര്‍ ആരും പരിശോധിക്കാനായി എത്തിയില്ല. പത്ത് മണിയോടെ വിജയന്‍ ആംബുലന്‍സില്‍ കിടന്ന് മരിച്ചു.

ആദ്യം അത്യാഹിത വിഭാഗത്തില്‍ എത്തിച്ച രോഗിയെ കൊവിഡ് രോഗലക്ഷണങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ എത്തിയപ്പോള്‍ വൈദ്യുതി ഇല്ല.തുടര്‍ന്നാണ് കൊവി!ഡ് ഐസോലേഷന്‍ വിഭാഗത്തിലേക്ക് രോഗിയുമായി ആംബുലന്‍സ് എത്തിയത്. എന്നാല്‍ ഇവിടേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും വിജയന്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശ്രവം പരിശോധിച്ചതിലൂടെ കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

റെഡ് സോണില്‍ നിന്നും കൊവിഡ് രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ചാല്‍ രോഗപകര്‍ച്ചക്ക് വഴിവയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നേരിട്ട് കൊവിഡ് ഐസോലേഷന്‍ വിഭാഗത്തിലേക്കാണ് ഈ രോഗികള്‍ പോകേണ്ടതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശമുണ്ടെന്നും ജില്ലആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നു.ഏതാനും വര്‍ഷങ്ങളായി ആലുവയിലെ ഫ്‌ലാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് 60വയസ്സിന് മുകളിലുള്ള വിജയന്‍. സംഭവത്തില്‍ കളക്ടര്‍ എസ് സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.