ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഓട്ടമല്ല, ഒന്നര പതിറ്റാണ്ടിലേറെയായി ചന്ദ്രാവതി ഭാസ്കരന്‍ എന്ന പൊലീസുകാരുടെ ഭാസ്കരേട്ടന്‍ ദാഹജലം കൊണ്ടുള്ള ഈ സവാരി തുടരുന്നു.
കാസർകോട്: കടുത്ത വെയിലിലും കനത്ത മഴയിലും നിരത്തുകളില്‍ നിന്ന് മാറാനാവാതെ ജോലി ചെയ്യുന്ന ട്രാഫിക് ജോലിയുള്ള പൊലീസുകാര്‍ എല്ലാവര്‍ക്കും സ്ഥിരം കാഴ്ചയാകും. വെയിലില്‍ തളര്‍ന്നിട്ടും ജോലിയോടുള്ള ആത്മസമര്‍പ്പണത്തോടെയാകും അവര്‍ നിരത്തുകളില്‍ നില്‍ക്കുക.
കാഞ്ഞങ്ങാട് നഗരത്തിൽ അങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് തളര്‍ച്ച തോന്നുമ്പോള്‍ ഒരു ഓട്ടോറിക്ഷ പാഞ്ഞെത്തും. തിളപ്പിച്ചാറ്റിയ നല്ല ശുദ്ധ വെള്ളം കൊണ്ട് എല്ലാവരുടെയും ദാഹമകറ്റുകയും ചെയ്യും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഓട്ടമല്ല, ഒന്നര പതിറ്റാണ്ടായി ചന്ദ്രാവതി ഭാസ്കരന്‍ എന്ന പൊലീസുകാരുടെ ഭാസ്കരേട്ടന്‍ ദാഹജലം കൊണ്ടുള്ള ഈ സവാരി തുടരുന്നു.
കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി അറിയുന്നത്. അവസ്ഥയറിഞ്ഞ് സഹായം ചെയ്യുന്ന ആ നല്ല മനസിനെ ആദരിക്കാനും അദ്ദേഹം മറന്നില്ല. സഹ ജീവികളുടെയും യാത്രക്കാരുടെയും മുന്നിൽ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് പൊന്നാട അണിയിച്ച് മംഗളപത്രവും ഉപഹാരവും നൽകി അറുപത്തിയേഴുകാരനായ ഓട്ടോ ഡ്രൈവറെ ആദരിച്ചത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തിലേറെയായി സഹപ്രവർത്തകരുടെയിടയിൽ ചന്ദ്രാവതി ഭാസ്കരൻ എന്നറിയപ്പെടുന്ന ഇദ്ദേഹം എന്നും രാവിലെ തോയമ്മലിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഓട്ടോ നിറയെ തിളപ്പിച്ചാറ്റിയ വെള്ളം നിറച്ച കുപ്പികളുമായാണ് ഓട്ടം ആരംഭിക്കുക.
ആദ്യമെത്തുന്ന ആറങ്ങാടി ഹൈവേ ജംങ്ഷനിൽ ഡ്യൂട്ടിയിലുള്ള ഹോം ഗാർഡിനോ, പൊലീസിനോ ഏതാനും കുപ്പിവെള്ളം നൽകും. അത് പിന്നെ, അലാമിപ്പള്ളി ബസ് സ്റ്റാൻഡ്, പെട്രോൾ ബങ്ക്, പുതിയകോട്ട, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ്, കോട്ടച്ചേരി ട്രാഫിക് ജംങ്ങ്ഷൻ, ഔട്ട് പോസ്റ്റ് എന്നിവിടങ്ങളിൽ വിതരണം ചെയ്യും.
ഇതിനിടയിൽ തന്നെ ഓട്ടവും നടക്കുന്നുണ്ടാകും. ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോകുമ്പോഴേക്കും ഒഴിഞ്ഞ കുപ്പികളെല്ലാം ശേഖരിച്ച് വീട്ടിലേക്ക്. തിരിച്ചു വരുമ്പോൾ വീണ്ടും വിതരണം .കൊടുംചൂടിൽ ദാഹിച്ചുവലയുന്ന പൊലീസ്, ഹോം ഗാർഡുകൾക്കെല്ലാം ഈ കുടിവെള്ളം ഏറെ ആശ്വാസം പകരുന്നതായിരുന്നു.
തന്‍റെ ഓട്ടോ വർക്ക്ഷോപ്പിലായാൽ മകന്‍റെ ബൈക്കിലാണ് വെള്ളം എത്തിക്കുന്നത്. എതാനും ദിവസം മുൻപാണ് ഭാസ്കരനെക്കുറിച്ച് പൊലീസുകാരിൽ നിന്നറിഞ്ഞ ഡിവൈഎസ്പി പി.കെ.സുധാകരൻ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് എസ്പി പറയുന്നു.
ഇതേ തുടർന്ന് ട്രാഫിക്ക് പൊലീസ്, ജനമൈത്രി പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ ദാഹം അകറ്റുന്ന ഈ നല്ലമനസിനെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡിവൈഎസ്പി പി.കെ.സുധാകരൻ അധ്യക്ഷനായി.
