കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം കര്‍ണാടക വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ യാത്രികര്‍ക്കും കര്‍ണാടകയിലേക്ക് കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. 

തിങ്കളാഴ്ച വരെ ആന്റിജന്‍ പരിശോധനഫലമുണ്ടെങ്കില്‍ അതിര്‍ത്തി കടന്നുപോകാന്‍ കഴിയുമായിരുന്നുവെങ്കിലും ഇന്നലെ മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂലഹള്ള ചെക്‌പോസ്റ്റില്‍ എത്തിയ പരിശോധന റിപ്പോര്‍ട്ടില്ലാത്ത യാതക്കാരെ തിരിച്ചയച്ചിരുന്നു. 

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് ഇത് കാരണം പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ ഇളവ് നല്‍കുമെന്ന ധാരണയില്‍ ചിലര്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. വിവരമറിഞ്ഞ് ജില്ല കലക്ടര്‍ അദീല അബ്ദുള്ളയും അതിര്‍ത്തിയിലെത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും മുന്‍നിലപാട് തുടരുകയായിരുന്നു. 

മുമ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോഴുണ്ടായിരുന്നു നിബന്ധനകളാണ് വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. അതേസമയം ഇത്തരം പരിശോധന സംവിധാനങ്ങള്‍ കര്‍ണാടകയുടെ അതിര്‍ത്തികളില്‍ എവിടെയുമില്ല. ആര്‍ടിപിസിആര്‍ ആവശ്യപ്പെടുന്ന മുറക്ക് മൂലഹള്ളയില്‍ നിന്നാണെങ്കില്‍ 12 കിലോമീറ്ററിലധികം തിരികെ സഞ്ചരിച്ച് സുല്‍ത്താന്‍ബത്തേരി ടൗണിലെത്തി വേണം പരിശോധന നടത്താന്‍. 

800 രൂപ വരെ ആര്‍ടിപിസിആർ പരിശോധനക്ക് വേണമെന്നിരിക്കെ സാധാരണ തൊഴിലുകള്‍ക്കായി കര്‍ണാടകയിലേക്ക് പോകുന്നവരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. തമിഴ്‌നാട് കഴിഞ്ഞ മാസം നിയന്ത്രണം കടുപ്പിച്ചിരുന്നുവെങ്കിലും പരിശോധനക്കുള്ള സൗകര്യം അതിര്‍ത്തിയില്‍ തന്നെ ഒരുക്കിയതിനാല്‍ യാത്രക്കാര്‍ക്ക് ഇത്രത്തോളം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നിലവില്‍ ഇ-പാസ് ഒഴികെ കടുത്ത നിയന്ത്രണങ്ങളെല്ലാം തമിഴ്‌നാട് പിന്‍വലിച്ചിട്ടുണ്ട്. ഇ-പാസ് എടുക്കുന്നതും നടപടിക്രമങ്ങളും കര്‍ണാടകയെ അപേക്ഷിച്ച് ലളിതമാണെന്ന് യാത്രക്കാര്‍ പറയുന്നു.