തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മാനവ്, കളിക്കളത്തിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. സ്കൂൾ അധികൃതർ പ്രത്യേക അസംബ്ലി വിളിച്ച് മാനവിനെ ആദരിച്ചു. അസ്ഹലക്ക് ആഭരണം കൈമാറി
തൃശൂർ: പൊന്നിൻ വില മിന്നും വേഗത്തിൽ കുതിച്ചുയർന്നുകൊണ്ടിരിക്കെ കളി സ്ഥലത്തുനിന്ന് കിട്ടിയ സ്വർണ കൈചെയിൻ കണ്ട് മാനവിന്റെ കണ്ണ് മഞ്ഞളിച്ചില്ല! ഉടമയ്ക്ക് കൈമാറണമെന്ന് മാത്രം ആ കുഞ്ഞു മനസ്സ് ആശിച്ചു. തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മാനവ്. തൃത്തല്ലൂർ മണപ്പാട് കാക്കനാട് മണികണ്ഠൻ്റേയും ലക്ഷ്മിയുടെയും മകനാണ് ഈ നിഷ്കളങ്ക ബാലൻ.
ആ കുഞ്ഞു കൈകളിൽ ഒതുങ്ങാത്തത്രയും വിലപിടിപ്പുള്ള കൈ ചെയിനുമായി അവൻ പോയത് തന്റെ ക്ലാസ് ടീച്ചറുടെ അരികിലേയ്ക്കായിരുന്നു. ആഭരണം അധ്യാപികയ്ക്ക് കൈമാറി വിവരങ്ങൾ പറഞ്ഞു. ഇതിനിടെ കൈ ചെയിൻ നഷ്ടപ്പെട്ട ഇതേ സ്കൂളിലെ വിദ്യാർഥി സങ്കടപ്പെട്ട് സ്കൂൾ ഓഫീസിലെത്തി. സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സ്വർണ്ണാഭരണങ്ങൾ സ്കൂളിലേക്ക് അണിഞ്ഞു വരരുതെന്ന നിയമം പാലിക്കണമെന്ന് അഭ്യർഥിച്ചു. അവരുടെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ മാനവും സ്കൂൾ പ്രിൻസിപ്പൽ എൻ.കെ.സുരേഷ് കുമാറും ചേർന്ന് അസ്‌ലഹക്ക് ആഭരണം കൈമാറി. അസ്‌ലഹയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും മാനവിന് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. പ്രിൻസിപ്പൽ എൻ. കെ സുരേഷ് കുമാർ , പ്രധാന അധ്യപിക സി.ബി നിഷ ,വി.ജി മീന, കീർത്ത, എൻ.എസ് സജന, വി.ഡി.സന്ദീപ്, എൻ. എൽ നയന, സ്വാതി സോമൻ, ടി.പി. പ്രിൻസ്, എന്നിവർ പ്രസംഗിച്ചു.


