ചാരുംമൂട്: വനിതാ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ചാരുംമൂടിന്റെ മിന്നും താരമായി മഞ്ജു വി നായർ. താമരക്കുളം വേടര പ്ലാവ് കൊട്ടാരത്തിൽ വാസുദേവൻ നായരുടെയും ഇന്ദിരയുടെയും മകളും ജയകുമാറിന്റെ ഭാര്യയുമായ മഞ്ജു വി. നായരാണ് വനിതാ എസ്ഐ യുടെ ആദ്യ ബാച്ചിലൂടെ ചരിത്രത്തിന്റെ ഭാഗമായത്.

തൃശൂരിലെ പൊലീസ് അക്കാദമിയിലായിരുന്നു പാസിങ് ഔട്ട് പരേഡ്. മാവേലിക്കരയിൽ റെയിൽവേയിൽ എസ്‍സിപിഒ, പത്തനംതിട്ട പിആർഡിയിൽ ക്ലാർക്ക്, ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലാർക്ക് എന്നിങ്ങനെ വിവിധ തസ്തികകളിൽ ജോലി ചെയ്ത ശേഷമാണ്  മഞ്ജുവിന് സബ് ഇൻസ്പെക്ടറായി ചുമതലയേല്‍ക്കുന്നത്.

പിഎസ്‍സി യുടെ എഴുതിയ ഇരുപതോളം തസ്തികകളിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞ മഞ്ജു പൊലീസ് റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്കും, പത്തനംതിട്ട എക്സൈസ് ഗാർഡ് റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കും നേടിയിരുന്നു. അച്ഛന്റെ പെട്ടിക്കടയിലെ വരുമാനവും  കശുവണ്ടി ഫാക്ടറിയിലെ ജോലിയിൽ നിന്നും അമ്മയ്ക്ക് ലഭിച്ച വരുമാനവുമായിരുന്നു പഠന കാലത്ത് ആശ്രയം. 

താമരക്കുളം വിവിഎച്ച്എസ്എസ്, വള്ളിക്കുന്നം എജിആർഎം എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പന്തളം എൻഎസ്എസ് കോളേജിൽ നിന്നും ബിരുദവും, ചെങ്ങന്നൂർ എസ് എൻ കോളേജിൽ നിന്നും ബിരുദാനന്ത ബിരുദവും, മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജിൽ ബിഎഡും, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും പാസായി. 15 ന് കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ജോലിയിൽ കയറാൻ തയ്യാറാകുകയാണ് മഞ്ജു. ആറ് വയസുകാരി കല്യാണിയും ഒന്നര വയസുകാരി ലക്ഷ്മിയുമാണ് മക്കൾ.