മങ്കട: ബക്കറ്റില്‍ തലകീഴായി വീണ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് മുന്നില്‍ രക്ഷകരായി അവതരിച്ച് മങ്കട പൊലീസ്. അര്‍ദ്ധരാത്രിയില്‍ റോഡില്‍ കുടുങ്ങിയ   മലപ്പുറം ഒതുക്കുങ്ങലിലുള്ള അബ്ദുനാസർ ജസീല ദമ്പതികളുടെ ഒന്നര വയസ്സുള്ള മുസ്തഫാ കമാലിന്റ ജീവനാണ് മങ്കട പൊലിസിന്റെ സമയോജിത ഇടപടലിലൂടെ രക്ഷിക്കാനായത്. 

രാത്രിയിൽ ബാത്ത് റൂമിൽ കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടി തലകീഴായി  വീഴുകയായിരുന്നു.  കുട്ടിയെ ശ്വാസം എടുക്കാൻ കഴിയാത്ത രൂപത്തിൽ മലപ്പുറം കോട്ടപടിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവിടെ ഐ.സി.യു സൗകര്യമില്ലാത്തതിനാൽ കുഞ്ഞിനെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലേക് റഫർ ചെയ്തു. അയൽവാസിയുടെ കാറിൽ കുട്ടിയെയും കൊണ്ട് തിരൂർക്കാട് എത്തിയപ്പോഴെക്കും കാറിലെ പെട്രോൾ തീർന്നു. 

അവശനായ കുട്ടിയെയും കൊണ്ട് അന്ധാളിച്ച് നിൽക്കുന്ന കുടുംബത്തിന്റെ മുന്നിൽ രക്ഷകരായി മങ്കട സ്റ്റേഷനിലെ നൈറ്റ് പെട്രാളിംഗ് സംഘം എത്തുകയായിരുന്നു. വിഷയം ആരാഞ്ഞ എസ് ഐ അബദുൽ അസിസും സിവിൽ പൊലീസ് ഓഫീസർ പ്രദീപകുമാറും ഉടനെ പോലീസ് വാഹനത്തിൽ കുട്ടിയെയും കൊണ്ട് എ.ഇ.എസ് മെഡിക്കൽ കോളേജിലേക് തിരിക്കുകയും വഴിമധ്യേ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് അടിയന്തിര സൗകര്യങ്ങൾ ഒരുക്കുന്നതിന് എർപാടക്കുകയും ചെയ്തു. 

കുട്ടിയുടെ പരിചരണം ഉറപ്പ് വരുത്തി കുടുംബത്തെ കൂട്ട് നിർത്തിയാണ് പൊലീസ് മടങ്ങിയത്. കുടുംബം സഞ്ചരിച്ചിരുന്ന കാറോടിച്ചയാളെ കൂടെ കൂട്ടി തിരൂക്കാട്ടെ പെട്രോൾ പമ്പ് തുറപ്പിച്ച് പെട്രോള്‍ വാങ്ങി കൊടുത്താണ് പൊലീസ് സംഘം മടങ്ങിയത്.