മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കവർച്ച നടത്തിയ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിലെ മൂന്നു പേരെ ഉത്തരേന്ത്യയിൽ നിന്നും മാന്നാർ പൊലീസ് സാഹസികമായി പിടികൂടി

മാന്നാർ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ കവർച്ച നടത്തിയ അന്തർ സംസ്ഥാന ക്രിമിനൽ സംഘത്തിലെ മൂന്നു പേരെ ഉത്തരേന്ത്യയിൽ നിന്നും മാന്നാർ പൊലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെയും എസ് ഐ അഭിരാമിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 

സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു. യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊർജിതമായി തുടരുന്നു. വരും ദിവസങ്ങളിൽ ഇവർ പിടിയിലാകാനാണ് സാധ്യത.

ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂളിന് തെക്കുവശത്തുള്ള രാജശ്രീയിൽ വീട്ടിലും, ദീപ്തിയിൽ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്. ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ നിന്നും പണമോ സ്വർണമോ നഷ്ടപ്പെട്ടിരുന്നില്ല. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡി വൈ.എസ്.പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 

മോഷണം നടന്ന വീടുകളിൽ നിന്നും ലഭിച്ച വിരലടയാളങ്ങളിൽ നിന്നും നിരവധി കേസുകളിൽ പ്രതിയായ സൽമാന്റെ വിരലടയാളം തിരിച്ചറിയാൻ കഴിഞ്ഞതാണ് പൊലീസിന് സഹായകരമായത്. മോഷണം നടന്ന വീടുകളിലെ സിസിടിവി കാമറക ദിശ തിരിച്ചു വെച്ച പ്രതികൾ ഡി.വി.ആർ കൊണ്ടുപോയത് അന്വേഷണത്തിന് ആദ്യം തടസമായെങ്കിലും ഒരു കി. മീ ചുറ്റളവിലെ സി. സി ടി. വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

പിടികൂടിയ പ്രതികളിൽ ആരിഫിനെയും റിസ്വാനേയും തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുവന്ന പൊലീസ് ഊട്ടുപറമ്പ് സ്കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തിൽ നിന്നും മോഷണം നടന്ന വീടുകളിലെ നഷ്ടപ്പെട്ട സി. സി.ടി.വിയുടെ ഡി.വി.ആറും വിലപിടിപ്പുള്ള വാച്ചുകളും, സ്വർണ്ണമാലയും കണ്ടെടുത്തു.

Read more: ഹാക്കർമാരുടെ ലക്ഷ്യം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൌണ്ടുകൾ; ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക!

പ്രതിയായ ആരിഫിനെ വാടകക്ക് താമസിച്ചിരുന്ന റൂമിലും കൊണ്ടുവന്നു പരിശോധനകൾ നടത്തി. മൂന്നു പ്രതികളെയും ചെങ്ങന്നൂർ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. പ്രത്യേക അന്വേഷണസംഘത്തിൽ മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യു, എസ്ഐമാരായ അഭിരാം സിഎസ്, സുധീപ്, മോഹൻകുമാർ, ക്രൈം ബ്രാഞ്ച് എഎസ്ഐ സുധീർ, എഎസ്ഐ മധു, സീനിയർ സിപിഒ മാരായ ഉണ്ണിക്കൃഷ്ണപിളള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്ക്കർ, സാജിദ്, സിദ്ദിഖ് ഉൾ അക്ബർ, സിപിഒ ഹരിപ്രസാദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം