'തീരൻ അധികാരം ഒൻട്ര്' സിനിമയിലേതിന് സമാനമായി ഹൈവേയോരത്തെ വീടുകള്‍ ലക്ഷ്യമിടുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. രാജസ്ഥാനിലെ തിരുട്ട് ഗ്രാമത്തില്‍ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സഹസികമായി പിടികൂടിയത്.  പ്രതിയില്‍ നിന്ന് 26 പവന്‍ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.

തൃശൂര്‍: മണ്ണുത്തിയില്‍ ഗൃഹനാഥനെ മര്‍ദ്ദിച്ച് ബന്ദിയാക്കി 47 പവന്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. സ്വര്‍ണാഭരണങ്ങളും പണവും കണ്ടെത്തി. കവര്‍ച്ചാ സൂത്രധാരനും കേസിലെ പ്രധാന പ്രതിയുമായ രാജസ്ഥാന്‍ സ്വദേശി സൂരജ് പവാറിനെയാണ് രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് മാന്ദ്ഫിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നും തൃശൂര്‍ സിറ്റി ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ തിരുട്ട് ഗ്രാമത്തില്‍ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സഹസികമായി പൊലീസ് പിടികൂടിയത്.

കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ 26 പവന്‍ ഇയാളില്‍നിന്നും പൊലീസ് കണ്ടെടുത്തു. മധ്യപ്രദേശിലെ സിഹോര്‍ ഗ്രാമത്തില്‍ ജനിച്ച സൂരജ് പവാര്‍ ഇതാദ്യമയല്ല കവര്‍ച്ച കേസുകളില്‍ പെടുന്നത്. ഇയാള്‍ക്ക് മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി ഒട്ടനവധി മോഷണം, കവര്‍ച്ച കേസുകള്‍ നിലവിലുണ്ട്. 'തീരൻ അധികാരം ഒൻട്ര്' എന്ന തമിഴ് സിനിമയെ അനുസ്മരിപ്പിക്കും വിധത്തിലാണ് പ്രതികളുടെ കവര്‍ച്ചയ്ക്കായുള്ള യാത്രകള്‍. ചുറ്റിക്കറങ്ങാണെന്ന രീതിയില്‍ ട്രക്കുകളില്‍ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി ഹൈവേയുടെ വശങ്ങളിലുള്ള വീടുകളില്‍ കയറി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.

വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറുകയും ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍ അവരെ വക വരുത്തുന്നതുമാണ് ഇവരുടെ ശൈലി. അറസ്റ്റിലായവര്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കവര്‍ച്ച തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.