മണ്ണൂത്തി: യാത്രക്കാരുടെ നടുവൊടിച്ച് മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത. മഴക്കാലം കൂടി തുടങ്ങിയതോടെ ഇതിലൂടെ യാത്ര ദുഷ്കകരമായി. കിലോമീറ്ററോളം പൊട്ടിപൊളിഞ്ഞ റോഡില്‍ അപകടങ്ങളും പതിവാണ്. ഉടൻ അറ്റകുറ്റപണി തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

മണ്ണുത്തിയില്‍ നിന്ന് വടക്കഞ്ചേരി വരെയുളള 30 കിലോമീറ്റര്‍ റോഡിലൂടെ കുലുങ്ങി കുലുങ്ങി യാത്ര ചെയ്യുമ്പോൾ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങള്‍ പോലും നേരെ ചൊവ്വെ ആകാത്ത അത്ര മോശം നിലയിലാണ് റോഡുള്ളത്. പേരിനു മാത്രം റോഡെന്ന് പറയാം. എല്ലാ വർഷവും മഴക്കാലം തുടങ്ങുമ്പോഴേ റോഡിന്‍റെ അവസ്ഥ ഇതാണ്.

പരാതി ഉയരുമ്പോൾ ദേശീയപാത അതോറിറ്റി തട്ടി കൂട്ടി അറ്റകുറ്റപണി നടത്തും. കഴിഞ്ഞ 4 വര്‍ഷത്തിനിടെ വിവിധ അപകടങ്ങളിലായി ഇവിടെ മരിച്ചത് 55 പേരാണ്. 300 ലധികം അപകടങ്ങളും ഉണ്ടായി. റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊതുപ്രവർത്തകർ.