പത്താംകല്ല്, വാണിയമ്പാറ സെന്റര്‍, പട്ടിക്കാട് മേല്‍പ്പാത, കുതിരാന്‍ എന്നീ മേഖലകളില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് മാത്രം നിർമാണം പൂർത്തിയായ റോഡാണിത്.

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ സര്‍വത്ര അപാകതകൾ. മഴ ശക്തമായി പെയ്തതോടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടു. ഇതേ തുടർന്ന് നിര്‍മ്മാണ കമ്പനി ടോള്‍ പിരിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധ റോഡ് പരിപാലനത്തില്‍ കാണിക്കുന്നില്ലെന്ന് ആരോപണമുയർന്നു. ഉയര്‍ന്ന ടോള്‍ നല്‍കി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സുഖകരവും സുരക്ഷിതമായ യാത്ര പ്രധാനം ചെയ്യുന്നതില്‍ നിര്‍മ്മാണ കമ്പനിയും ദേശീയപാത അതോറിറ്റിയും പരാജയമാണെന്നാണ് വിലയിരുത്തൽ.

പത്താംകല്ല്, വാണിയമ്പാറ സെന്റര്‍, പട്ടിക്കാട് മേല്‍പ്പാത, കുതിരാന്‍ എന്നീ മേഖലകളില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് മാത്രം നിർമാണം പൂർത്തിയായ റോഡാണിത്. വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. അന്ന് അറ്റകുറ്റപ്പണികള്‍ നടത്തി. വാണിയമ്പാറയില്‍ മാത്രം 100 മീറ്ററോളം നീളത്തിലാണ് ടാര്‍ ഒഴുകി പോയത്. വഴുക്കുംപാറ മേല്‍പാതയിലെ വിള്ളലിനും റോഡ് ഇടിച്ചിലിനും പുറകെയാണ് എല്ലായിടത്തും റോഡ് പൊളിഞ്ഞിരിക്കുന്നത്. 

വഴക്കുംപാറയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതിന് ശേഷം വീണ്ടും അതേ പ്രദേശത്ത് വടക്കു ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. പാലത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ക്രാഷ് ബാരിയറിലാണ് വിള്ളല്‍ രൂപപ്പെട്ടത്. കോണ്‍ക്രീറ്റ് ഗര്‍ഡറിലും വീണ്ടുകീറിയിട്ടുണ്ട്. ഇതിനു അഞ്ചു മീറ്റര്‍ മുമ്പിലായി നേരിയതോതിലും വിണ്ടുകീറി. ഇതേ ട്രാക്കിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങള്‍ കടത്തിവിടുന്നത്. വാഹനങ്ങള്‍ കൂടുതലായി പോകുമ്പോള്‍ പാലത്തില്‍ കുലുമനുഭവപ്പെടുന്നു. നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിക്കുന്നതിലുളള ദേശീയപാത അതോററ്റിയുടെ അലസതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.