തെരുവ് നായ്ക്കളുടെ ആക്രമണം; വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു
രാവിലെ 7.30 ഓടെ വീടിനു പുറത്തു നിന്ന് പല്ലു തേക്കുമ്പോൾ പുറകിലൂടെ എത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

മാന്നാർ: മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു.ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ ഏഴോളം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ദേവീസദനത്തിൽ കുട്ടപ്പൻ പിള്ളക്ക് തെരുവ് നായയുടെ ആക്രമണത്തിൽ കാലിനു മാരകമായ മുറിവേറ്റു. കൈയ്യിലിരുന്ന കുട ഉപയോഗിച്ച് ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും കാലിന്റെ ഇരുവശങ്ങളിലും കടിയേറ്റ് രക്തം വാർന്നൊഴുകുകയായിരുന്നു.
കുരട്ടിക്കാട് എട്ടാം വാർഡിൽ തെള്ളികിഴക്കേതിൽ രാജഗോപാലിന്റെ മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് ആർ ഗോപാലിനും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ന് വീടിനു പുറത്തു നിന്ന് പല്ലു തേക്കുമ്പോൾ പുറകിലൂടെ എത്തിയ നായ അദ്വൈതിനെ ആക്രമിക്കുകയായിരുന്നു. അതിനു ശേഷം റോഡിലേക്കിറങ്ങിയ നായ സ്‌കൂട്ടർ യാത്രക്കാരന്റെ മേൽ ചാടിക്കയറിയെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇതേ നായയുടെ ആക്രമണത്തിൽ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ രാധാകൃഷ്ണനും പരിക്കേറ്റു. പരിക്കേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പാവുക്കര മൂന്നാം വാർഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റതായി വാർഡ് മെമ്പർ സെലീന നൗഷാദ് പറഞ്ഞു. ഇവർ തിരുവല്ല താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
നിരവധിപേർക്ക് പരിക്കേറ്റതോടെ ജനങ്ങൾ ഭീതിയിലായി. പ്രധാന റോഡിലും ഇടറോഡുകളിലുമായി അലഞ്ഞുതിരിയുന്ന തെരുവ് നായ്‌ക്കൂട്ടങ്ങളാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുമാണ് ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. രാവിലെ നടക്കാൽ പോകുന്നവരെയും പാൽ, പത്രവിതരണക്കാരെയും തെരുവ് നായകള്‍ ആക്രമിക്കുന്നത് പതിവാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...