കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ  ആയുധ ധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം പ്രേദശത്തെത്തി. അതിൽ നാല് പേര്‍ ജനങ്ങളോട് സംസാരിക്കുകയും പ്രദേശത്തെ ചായക്കടയിൽ നിന്നും ചായ കുടിക്കുകയും ചെയ്തു. രണ്ടുപേർ പുഴയിൽ കാത്തുനിൽക്കുകയായിരുന്നു. 

മുത്തപ്പന്‍ പുഴയിലെ കർഷക സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സംഘം മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ മാവോയിസ്റ്റുകള്‍ പതിക്കുന്ന പോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു പ്രദേശത്ത് സംഘം ഒട്ടിച്ച പോസ്റ്ററുകൾ. വെള്ളവും, കാടും, ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്.

കാട്ടിലേക്ക് മടങ്ങുന്ന സമയത്ത് നിരവധി വീടുകളില്‍ മാവോയിസ്റ്റ് സംഘം പോയിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിരുവമ്പാടി മുത്തപ്പൻപുഴ, ആനക്കാംപൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി തവണ മാവോ സംഘം എത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.