കോഴിക്കോട്: മാറാട് കലാപത്തിൽ കോടതി ശിക്ഷിച്ചയാൾ മരിച്ച നിലയിൽ. മാറാട് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് മൽസ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മാറാട് രണ്ടാം കലാപ കേസിലെ 33 ആം പ്രതിയാണ് കിണറ്റിന്‍റകത്ത് മുഹമ്മദ് ഇല്ല്യാസ്. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വെള്ളയിൽ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇന്ന് രാവിലെയാണ് കോഴിക്കോട് ബീച്ചിൽ ലയണ്‍സ് പാർക്കിന് പുറക് വശത്തായി മൃതദേഹം കണ്ടെത്തിയത്. മാറാട് കോടതി പന്ത്രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ സുപ്രീം കോടതിയിൽ നിന്ന് പരോൾ കിട്ടിയ ശേഷം നാല് വർഷമായി നാട്ടിൽ കഴിയുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.

2017ൽ കേസ് സിബിഐ ഏറ്റെടുത്തതോടെ ക്രൈം ബ്രാഞ്ചിന്‍റെ കേസ് ഡയറിയിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഇല്യാസിനെയും ചോദ്യം ചെയ്തതായി ബന്ധുക്കൾ പറയുന്നു.

അതേസമയം കഴുത്തിൽ ഭാരം കൂടിയ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉടൻ അന്വേഷണം തുടങ്ങുമെന്നും വെള്ളയിൽ പൊലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഇയാൾക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.