ചാലക്കുടിയില്‍ ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ ചെണ്ടുമല്ലി കൃഷി പൂര്‍ണമായും നശിച്ചു.
തൃശൂര്‍: ചെണ്ടുമല്ലികൃഷിയില്‍ കണ്ണീരിന്റെ വിളവെടുപ്പ്. ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ ചെണ്ടുമല്ലി കൃഷി പുര്‍ണമായും നശിച്ചു. ആഫ്രിക്കന്‍ ഒച്ചാണ് കൃഷിക്ക് വില്ലനായത്. ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളിയിലാണ് ചെണ്ടുമല്ലി കൃഷി നശിച്ചത്.
ഒരേക്കര്‍ സ്ഥലത്താണ് സ്ത്രീകളുടെ കൃഷികൂട്ടങ്ങളുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. ആഫ്രിക്കന്‍ ഒച്ചിന് പുറമെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള വാട്ടരോഗവും കൃഷിയുടെ നാശത്തിന് കാരണമായി. പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സബ്‌സിഡി ഉപയോഗപ്പെടുത്തിയും മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയുമാണ് വാര്‍ഡിലെ സ്ത്രീകളുടെ കൃഷികൂട്ടം കൃഷിയിറക്കിയത്.
ഒരാഴ്ചക്കുള്ളില്‍ വിളവെടുപ്പിന് പാകമാകേണ്ട ചെണ്ടുമല്ലി ചെടികളാണ് നശിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ഒച്ച് ചെടിയുടെ പല ഭാഗങ്ങളുടെ മുറിച്ചിട്ടതോടെ ചെടി ഉണങ്ങി പോയി. ചെടികളില്‍ മുട്ട് വിരഞ്ഞതോടെയാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായത്.
ഇതിന് പുറമെ വാട്ടരോഗവും ചെണ്ടുമല്ലി ചെടികളുടെ നാശത്തിന് കാരണമായി. ഒച്ചിനെ തുരുത്താന്‍ ചെയ്ത പ്രതിരോധങ്ങളൊന്നും ഫലിച്ചില്ല. വലിയ നഷ്ടമാണ് കൃഷികൂട്ടത്തിന് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലി കൃഷി നല്ല വിളവ് നല്കിയിരുന്നു. ഇതാണ് ഇക്കൊല്ലവും ചെണ്ടുമല്ലി കൃഷിയിറക്കാന്‍ കൃഷികൂട്ടത്തിന് പ്രേരണയായത്.
