തിരുവനന്തപുരം: കടൽരക്ഷാപ്രവർത്തനങ്ങൾക്കും മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കുമായി ഏർപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസായ 'പ്രതീക്ഷ'  ഈ മാസം വിഴിഞ്ഞത്ത് എത്തും. കടലോര ജില്ലകളായ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നിവിടങ്ങളിലാണ് മറൈന്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കുക. വിഴിഞ്ഞത്തേക്ക് പ്രതീക്ഷയും വൈപ്പിന് പ്രത്യാശയും ബേപ്പൂരിന് കാരുണ്യയും എന്നീ പേരിലുള്ള ആംബുലൻസുകളാണ് എത്തുക. 

മറൈന്‍ ആംബുലന്‍സ് കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പായി ട്രയല്‍ റണ്‍ നടത്തേണ്ടതുണ്ട്. ഇവയുടെ പവര്‍ എന്‍ജിനുകള്‍ നല്‍കിയത് സ്കാനിയ കമ്പനിയാണ്. ട്രയല്‍ റണ്‍ നടത്തുന്നതിന് കമ്പനിയുടെ എന്‍ജിനിയറിംഗ് മേധാവി എത്തണമെന്നാണ് നിബന്ധന. എന്നാല്‍ മുംബൈ സ്വദേശിയായ മേധാവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായതിനാല്‍ പകരം എന്‍ജിനിയറെത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്താം എന്നാ നിലപാടിലാണ് ഫിഷറീസ് അധികൃതരുള്ളത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, ബിപിസിഎൽ, കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയടക്കം 18.24  കോടി രൂപയുപയോഗിച്ച് കൊച്ചിൻ ഷിപ്പ് യാർഡാണ് ഫിഷറീസ് വകുപ്പിന് വേണ്ടി മറൈൻ ആംബുലൻസുകൾ നിർമ്മിക്കുന്നത്. വൈപ്പിന്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള മറൈന്‍ ആംബുലന്‍,സുകള്‍ ഏപ്രിൽ അവസാനത്തോടെ ഇവയും നീറ്റിലിറക്കി കമ്മീഷനിങ് നടത്തുമെന്ന് ഫിഷറീസ് അധികൃതർ പയുന്നു. കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മറൈൻ ആംബുലൻസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

ഓഖി ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽപേർ മരിച്ചത് വിഴിഞ്ഞത്തായിരുന്നു. ഇതേ തുടർന്നാണ് ആദ്യ മറൈന്‍ ആംബുലൻസ് വിഴിഞ്ഞത്തിന് തന്നെ നൽകുന്നത്. വളളം, ട്രോൾബോട്ട് എന്നിവയുടെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുന്നവരേയും കടലപകടങ്ങളിൽപ്പെടുന്നവരേയും രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനുളള ചെറുകപ്പലിന് സമാനമാണ് മറൈൻ ആംബുലൻസ്. ഇതിന്റെ നീറ്റിലിറക്ക് ചടങ്ങ് കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്നു. 

ഫിഷറീസ് ജോയിന്റ് ഡയറക്ടറും സാഫിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീലു എൻ എസാണ് പ്രതീക്ഷയുടെ നീറ്റിലിറക്കൽ ചടങ്ങ് നിർവ്വഹിച്ചത്. 23-മീറ്റർ നീളമുളള ആംബുലൻസിന് മണിക്കൂറിൽ 14 നോട്ടിക്കൽ  മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും. ശീതീകരണസംവിധാനം,അപകടത്തിൽപ്പെട്ട് വെളളത്തിൽ കിടക്കുന്നവരെ ഉയർത്തിയെടുക്കാനുളള തൊട്ടിൽ പോലുളള ഉപകരണം, പരിചയസമ്പന്നരായ രക്ഷാപ്രവർത്തകർ, ഡെക്ക് ഹാൻഡ്, അഞ്ച് മെഡിക്കൽ ബെഡ്, ഹൃദയതാളം പരിശോധിക്കാനും പ്രാഥമിക ചികിത്സക്കുമുളള ഉപകരണങ്ങളും ശീതികരിച്ച മോർച്ചറി സംവിധാനവുമാണ് ആംബുലൻസിലുണ്ടാവുക.