തിരുവനന്തപുരം: മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയ മത്സ്യബന്ധന ബോട്ട്, രേഖകൾ ഹാജരാക്കിയിട്ടും വിട്ടയക്കുന്നില്ലെന്ന് പരാതി. തമിഴ്നാട്ടിൽ നിന്ന് കർണ്ണാടകത്തിലേക്ക് മീൻപിടിക്കാൻ പോയ ബോട്ടിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറൈൻ എൻഫോഴ്‌സ്മെന്റ് വിഭാഗം പട്രോളിംഗിനിടെ പിടികൂടിയത്. ഇപ്പോൾ വിഴിഞ്ഞത്താണ് ബോട്ട് ഉള്ളത്.

ബോട്ടിന്റെ രേഖകൾ  ഹാജരാക്കി നിരപരാധിത്വം തെളിയിച്ചെങ്കിലും ബോട്ട് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.  നിർബന്ധിച്ച് ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയ ശേഷം തിരിച്ചറിയൽ കാർഡുകൾ തിരികെ നൽകാതെ മറൈൻ എൻഫോഴ്‌സ്മെന്റ് വിഭാഗം കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു.  ആഹാരത്തിന് പോലും പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു. 

വിഴിഞ്ഞത്തുള്ള ബോട്ടിൽ  ഒൻപത് പേരാണുള്ളത്. കർണ്ണാടക സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ശ്രീമാത എന്ന കിൽനെറ്റ് ബോട്ടാണ് വിട്ടുനൽകാത്തത്. വെള്ളിയാഴ്ച അഞ്ചരയോടെ വിഴിഞ്ഞത്തിന് രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നിന്ന് മറൈൻ എൻഫോഴ്സ്മെൻറ് സംഘം  പിടികൂടിയതായിരുന്നു. ആവശ്യപ്പെട്ട രേഖകളുടെയെല്ലാം പകർപ്പുകൾ കടലിൽ വച്ച് തന്നെ നൽകിയെങ്കിലും സംശയത്തിന്റെ പേരിൽ കരക്കടുപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ഒൻപതംഗ സംഘത്തിൽ പൊഴിയൂരിൽ നിന്നുള്ള അഞ്ച് പേരും തമിഴ്നാട് തൂത്തൂരിൽ നിന്നുള്ള രണ്ടു പേരും വിഴിഞ്ഞം ,  അടിമലത്തുറ എന്നിവിടങ്ങളിൽ  നിന്നുള്ള രണ്ടു പേരുമാണ് ഉള്ളത്.  കടൽക്ഷോഭത്തെ തുടർന്നുള്ള മുന്നറിയിപ്പ് കാരണം കന്യാകുമാരി തേങ്ങാപ്പട്ടണം തുറമുഖത്ത് കഴിഞ്ഞ മൂന്ന് മാസമായി നങ്കൂരമിട്ട ശേഷം കർണ്ണാടകത്തിലേക്ക് പോകും വഴിയാണ് തങ്ങളെ പിടിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. 

മൂന്ന് മാസമായി തൊഴിലില്ലാതെ കുടുംബം പ്രതിസന്ധിയിലായതായി തൊഴിലാളികൾ പറഞ്ഞു. ഇതോടെയാണ് പത്ത് ദിവസത്തേക്ക്  കടമായി  ഐസും ഇന്ധനവും വാങ്ങി യാത്ര പുറപ്പെട്ടത്. രേഖകൾ പരിശോധിച്ച ശേഷം ഉടൻ പറഞ്ഞയക്കാമെന്ന് വാഗ്ദാനം ചെയ്ത ഉദ്യോഗസ്ഥർ രണ്ടു പ്രാവശ്യം ചില രേഖകളിൽ ഒപ്പിട്ടു വാങ്ങി കബളിപ്പിച്ചതായാണ് തൊഴിലാളികൾ ആരോപിക്കുന്നത്.

വിഴിഞ്ഞം  വാർഫിൽ കെട്ടിയിട്ടിരിക്കുന്ന തടികൊണ്ടുള്ള ബോട്ടിന്, ശക്തമായ തിരയടിയിൽപ്പെട്ട് കേടുവന്നതായി ഇവർ പറഞ്ഞു. തങ്ങളെ നിയമക്കുരുക്കിൽ പെടുത്തുമെന്ന് ഭയമുള്ളതായും ഇവർ കൂട്ടിച്ചേർത്തു. കടലിലെ പരിധി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടികൂടിയതെന്നാണ് മറൈൻ എൻഫോഴ്‌സ്മെന്റിന്റെ വാദം.