ഇടുക്കി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തികള്‍ അടച്ചത് നിരവധി പേര്‍ക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പാസ്സ് കിട്ടാതെ വന്ന വധൂവരന്മാര്‍ വിവാഹം കഴിച്ചത് കേരള തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ വച്ചാണ്. 

തമിഴ്നാട് സ്വദേശിയായ പ്രസാദും കേരള വണ്ടിപ്പെരിയാര്‍ സ്വദേശിയായ  ഗായത്രിയുമാണ് അതിര്‍ത്തിയില്‍ വച്ച് വിവാഹിതരായത്. വരന് കേരളത്തിലേക്ക് വരാന്‍ പാസ്സ് ലഭിക്കാത്തതുകൊണ്ട് വിവാഹം കേരളത്തില്‍ വച്ച് നടത്താനായില്ല. വധുവിന് തമിഴ്നാട്ടിലേക്കുള്ള പാസ്സ് ലഭിക്കാത്തതുകൊണ്ട് തമിഴ്നാട്ടില്‍ വച്ചും വിവാഹം നടത്താന്‍ സാധിച്ചില്ല. 

ഇതോടെയാണ് കേരളാ- തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ വച്ച് പൊലീസും റവന്യു ഡിപ്പാര്‍ട്ട്മെന്‍റും വോളന്‍റിയര്‍മാരും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുത്തത്. വിവാഹം കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വധുവിന് തമിഴ്നാട് പാസ്സ് ലഭിച്ചു. തുടര്‍ന്ന് വരന്‍റെ സ്വദേശമായ തമിഴ്നാട്ടിലെ പുതുപ്പേട്ടയിലേക്ക് ഇരുവരും മടങ്ങി.