മേരി വീണ്ടും കൃഷിയിടത്തിലാണ്. മാത്യു നട്ട പച്ചക്കറിതൈകള്‍ പരിപാലിച്ചും, പുതിയവ നട്ടുവളര്‍ത്തിയും ദുഖം മറക്കുകയാണ് ഈ തൊണ്ണൂറുകാരി...

കല്‍പ്പറ്റ: വാര്‍ധക്യത്തിലും കാര്‍ഷിക വൃത്തിയെ ജീവനോളം സ്‌നേഹിച്ചവരായിരുന്നു പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികള്‍. രണ്ടുപേരുടെയും കൃഷ്പാഠങ്ങളറിയാന്‍ നിരവധി പേരാണ് സുരഭിക്കവലയിലെ വീട്ടുമറ്റത്ത് എത്തിയിരുന്നത്. പതിറ്റാണ്ടുകളോളം നിഴല്‍പോലെ മേരിക്കൊപ്പമുണ്ടായിരുന്നു മാത്യൂ എന്നേക്കുമായി വേര്‍പിരിഞ്ഞിട്ട് ഒന്നരമാസം പിന്നിടുകയാണിപ്പോള്‍. എങ്കിലും പ്രിയതമന്റെ ഓര്‍മ്മകളുമായി 

മേരി വീണ്ടും കൃഷിയിടത്തിലാണ്. മാത്യു നട്ട പച്ചക്കറിതൈകള്‍ പരിപാലിച്ചും, പുതിയവ നട്ടുവളര്‍ത്തിയും ദുഖം മറക്കുകയാണ് ഈ തൊണ്ണൂറുകാരി. വാര്‍ധക്യത്തിന്റെ അവശതകള്‍ ഏതും അലട്ടാതെ കൃഷിയില്‍ നല്ല വിളവുണ്ടാക്കുന്ന ഇരുവരെയും സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പേര്‍ ഇരുവരെയും വീട്ടിലെത്തി ആദരിച്ചിരുന്നു. 

രാഹുല്‍ഗാന്ധി എം പി രണ്ടുപേരെയും കുറിച്ച് വീഡിയോ സഹിതം ട്വീറ്റ് ചെയ്തതോടെ ദേശീയ ശ്രദ്ധയിലേക്ക് തന്നെ ഈ ദമ്പതികള്‍ ഉയര്‍ന്നു. കൃഷിക്കാരുടെ വേദനകളും, ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോക കാര്‍ഷികദിനത്തില്‍ രാഹുല്‍ഗാന്ധി പങ്കുവെച്ച ട്വീറ്റില്‍ കുറിച്ചിരുന്നു. ഇരുവരോടുമുള്ള ആദരസൂചകമായി രാഹുല്‍ഗാന്ധി തന്നെ കലണ്ടറിലും മാത്യുവിനെയും മേരിയെയും ഉള്‍പ്പെടുത്തി. 

ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ദമ്പതികള്‍ കര്‍ഷകസമൂഹത്തിനൊന്നാകെ പ്രചോദനമായി മാറി. ഒന്നരമാസം മുമ്പ് മാത്യു വിട പറയുമ്പോള്‍ കുടിയേറ്റമേഖലയിലെ കാര്‍ഷിക ചരിത്രത്തിന്റെ ഭാഗവാക്കായ ഒരാള്‍ കൂടിയാണ് അസ്തമിച്ചത്. മാത്യുവിന്റെ വിയോഗം മേരിയെ തളര്‍ത്തിയെങ്കിലും എല്ലാം മറക്കാന്‍ വീണ്ടും കൃഷിയിടത്തിലേക്ക് തന്നെയിറങ്ങുകയായിരുന്നു ഈ വയോധിക.