ചേർത്തല: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുഖംമൂടിസംഘം വീടുകയറി ആക്രമിച്ചു. തടയാനെത്തിയ അമ്മയ്ക്കും പരുക്കേറ്റു. ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് കിഴക്കേച്ചിറ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജോർജിന്റെ മകനായ 21കാരന്‍ എബിനെതിരെയാണ്  ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്‍റെ ഒരു കണ്ണിന് കാഴ്ചയില്ല.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് മാരകായുധങ്ങളുമായി എബിനെ ആക്രമിച്ചത്. തടയാനെത്തിയ അമ്മ ബിന്ദുവിനും പരുക്കേറ്റു.  എബിൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരു വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരങ്ങൾ. അർത്തുങ്കൽ പൊലീസ് അന്വേഷണം തുടങ്ങി.