ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ പശ്ചിമബംഗാൾ സ്വദേശി മസിദുർ റഹ്‌മാൻ എക്സൈസ് പിടിയിലായി. ഇയാളിൽ നിന്ന് 36.338 ഗ്രാം ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തു.
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റത്വ താലൂക്കിൽ ഷിബ്നഗർ സ്വദേശിയായ മസിദുർ റഹ്‌മാൻ (41) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 36.338 ഗ്രാം ഹെറോയിനും 5.869 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസ് അധികൃതർക്ക് ലഭിച്ചിരുന്നു. 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിലുള്ള പാർട്ടിയും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർക്കൊപ്പംഎഇഐ(ജി) എൻ സതീശൻ, എഇഐ (ജി) അജിത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ചെങ്ങന്നൂർ വില്ലേജിൽ ളാകശ്ശേരി മുറിയിൽ എം സി റോഡിലെ പുത്തൻവീട്ടിൽപടി ജംഗ്ഷന് സമീപത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം ഇയാളെ വളയുകയായിരുന്നു.
മാരക മയക്കുമരുന്നുകൾ കൈവശം വെച്ച കുറ്റത്തിന് പ്രതിക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു.


