കനത്തമഴക്കൊപ്പം നടുക്കി ഉരുൾപ്പൊട്ടലും, നിമിഷങ്ങൾക്കകം മുക്കാൽ ഏക്കറോളം ഒലിച്ചുപോയി; പച്ചടിയിലെ ആളുകളെ മാറ്റി
പച്ചടി മേഖലയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് വലിയ അപായങ്ങളൊന്നും സംഭവിക്കാത്തത്

ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയെ ഭയപ്പെടുത്തിയ ഉരുൾപ്പൊട്ടലിനെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. മേഖലയിലെ 25 കുടുംബങ്ങളെ ആണ് മാറ്റിപാർപ്പിച്ചത്. ഇവരോട് ബന്ധു വീടുകളിലേക്കോ ക്യാമ്പിലേക്കോ മാറാനാണ് നിർദേശം നൽകിയിരുന്നത്. എല്ലാവരും നിർദ്ദേശം പാലിച്ചതായി അധൃകതർ അറിയിച്ചു. ഉരുൾപ്പൊട്ടൽ ഭീതി തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ ക്യാമ്പും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഉരുൾപ്പൊട്ടൽ അനുഭവപ്പെട്ടത്. മുക്കാല്‍ ഏക്കറോളം സ്ഥലമാണ് നിമിഷങ്ങൾക്കുള്ളിൽ ഒലിച്ചു പോയത്. പച്ചടി മേഖലയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് വലിയ അപായങ്ങളൊന്നും സംഭവിക്കാത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
24 - 10 - 2023 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.