വയനാട് മുത്തങ്ങയ്ക്ക് സമീപം എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ 82.104 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിലായി.  

സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും വലിയ അളവിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി പിടിയിലായി. മുത്തങ്ങക്ക് അടുത്ത പൊൻകുഴിയിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് 82.104 ഗ്രാം എം.ഡി.എം.എയുമായി മുഹ്‌സിൻ മുസ്തഫ (25) എന്ന യുവാവ് അറസ്റ്റിലായത്. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ ഇയാൾ ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹ്‌സിൻ മുസ്തഫ. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് അതിർത്തികളിലെ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയിരുന്നു.

വരും ദിവസങ്ങളിലും അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും കശനപരിശോധനകൾ തുടരുമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ, ഇൻ്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, മറ്റ് അസി. എക്സൈസ് ഇൻസ്പെക്ടർമാർ, പ്രിവൻ്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.