വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ലിന്‍സിയും ഗൗതം കൃഷ്ണയും പ്രണയത്തിലായിരുന്നു. പല തവണയായി ലിന്‍സിയില്‍ നിന്ന് ഗൗതം പണം വാങ്ങിയിരുന്നു. ഫോണും അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്ന് അകലുകയായിരുന്നു. 

ചാത്തന്നൂര്‍: കൊല്ലത്ത് യുവാക്കളെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത് പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് പൊലീസ്. പ്രണയം നടിച്ച് യുവാവ് കൈക്കലാക്കിയ ഫോണും പണവും തിരിച്ച് വാങ്ങാന്‍ കാമുകന്‍റെ സുഹൃത്തിന്റെ സഹോദരനോട് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പണവും വാഗ്ദാനം ചെയ്തു. ശേഷം നടന്ന കാര്യങ്ങള്‍ ക്വട്ടേഷന്‍ പോലെ ആവുകയായിരുന്നുവെന്നും ചാത്തന്നൂര്‍ സിഐ പറയുന്നു.

കൊല്ലം ഇരവിപുരം സ്വദേശിനിയായ ലിന്‍സിയാണ് ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയില്‍ നിന്ന് പണവും ഫോണും തിരികെ കിട്ടാനും പ്രണയ നൈരാശ്യത്തെ തുടര്‍ന്നും ഗൗതം കൃഷ്ണയുടെ സുഹൃത്ത് വിഷ്ണുവിന്‍റെ സഹോദരന്‍ അനന്തുവിനെ സമീപിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ പിരിവുകാരനായ ഗൗതം കൃഷ്ണ വാങ്ങിയ പണം വിഷ്ണുവുമായി പങ്കുവച്ചെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നായിരുന്നു ഇത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ലിന്‍സിയും ഗൗതം കൃഷ്ണയും പ്രണയത്തിലായിരുന്നു. പല തവണയായി ലിന്‍സിയില്‍ നിന്ന് ഗൗതം പണം വാങ്ങിയിരുന്നു. ഫോണും അഞ്ചു ലക്ഷം രൂപയോളം പല ഘട്ടങ്ങളിലായി വാങ്ങിയ ശേഷം യുവാവ് ലിന്‍സിയില്‍ നിന്ന് അകലുകയായിരുന്നു. ഇതോടെയാണ് പണവും ഫോണും തിരിച്ച് കിട്ടാന്‍ ലിന്‍സി ശ്രമം ആരംഭിച്ചത്. ഗൗതമിന്‍റെ അടുത്ത സുഹൃത്ത് വിഷ്ണുവിനെ സഹോദരന്‍ അനന്തുവിനേയും സുഹൃത്തുക്കളേയും ഉപയോഗിച്ച് പിടിച്ചുകൊണ്ടുപോയി. വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനേയും വിളിച്ചുവരുത്തി.

തുടര്‍ന്ന് പണവും ഫോണും ആവശ്യപ്പെട്ട് വാക്ക് തര്‍ക്കവും ഇത് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ്, വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിന് സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു, പുല്ലാനികോട് മാനസസരസില്‍ തമാനസിക്കുന്ന അനന്തു പ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ വിഷ്ണുവിന്‍റെ സഹോദരനാണ് അനന്തു.

പണം വാങ്ങി നല്‍കുന്നതിനായി 40000രൂപയാണ് ലിന്‍സി സംഘത്തിന് വാഗ്ദാനം ചെയ്തത്. 10000 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകാനുപയോഗിച്ച വാഹനവും ഇവരെ സഹായിച്ച മറ്റ് രണ്ടെ പേരെക്കൂടെ പിടികൂടാനുണ്ടെന്നും ചാത്തന്നൂര്‍ സിഐ വിശദമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona