താന്‍ ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്ത നിഷേധിച്ച് മേയര്‍ എംകെ വര്‍ഗീസ്.

തൃശൂര്‍: താന്‍ ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്ത നിഷേധിച്ച് മേയര്‍ എംകെ വര്‍ഗീസ്. അത്തരത്തില്‍ ഒരു ചിന്ത ഇപ്പോഴില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം വേറെയാണ്. താനിപ്പോള്‍ ഇടതുപക്ഷത്താണ് നില്‍ക്കുന്നത്.

സിപിഎമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മേയര്‍ പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. താന്‍ കോര്‍പ്പറേഷന്റെ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണ്. 

തൃശൂരിന് പുരോഗതി അത്യാവശ്യമല്ലേ. ആ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയാറാക്കുന്നത് നല്ല കാര്യം. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് തന്റെ അഭിപ്രായം. സുരേഷ് ഗോപിയുടെ മനസില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് തനിക്ക് മുമ്പും മനസിലായിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിക്കരുതെന്ന് പറയാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞദിവസം പരസ്പരം പുകഴ്ത്തി സുരേഷ് ഗോപിയും എം.കെ. വര്‍ഗീസും സംസാരിച്ചതോടെയാണ് മേയര്‍ ബിജെപി പക്ഷപാതിയാണെന്ന വിമര്‍ശനം ഉയര്‍ന്നത്. ജനങ്ങള്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്നും വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നുമായിരുന്നു മേയറുടെ പരാമര്‍ശം. രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് എംകെ. വര്‍ഗീസെന്ന് സുരേഷ് ഗോപിയും പറഞ്ഞു. 

അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെയും മേയറുടെയും പരാമര്‍ശങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടിയും വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് നിലപാട് തിരുത്തി. മേയറുടെ നിലപാടിനെതിരെ സിപിഐയും എല്‍ഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍കുമാറും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള നീക്കുപോക്കിന്റെ ഇടനിലക്കാരനാണ് മേയറെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തിയിരുന്നു.

ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം