ഉന്നത ബിരുദധാരിയായിട്ടും, പാരമ്പര്യമായി തന്റെ കുടുംബം നടത്തി പോന്ന കൃഷി വീണ്ടും  തുടങ്ങിയപ്പോള്‍ ഏറെ സന്തോഷത്തിലാണ് അരുണ്‍കുമാര്‍. 

ആലപ്പുഴ: മനസ് വെച്ചാൽ എംബിഎ ക്കാരനും ജൈവകർഷകനാകാം. പൂച്ചാക്കൽ പെരുമ്പളം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ശ്രീഗോവിന്ദപുരത്ത് വീട്ടിലെ അരുണ്‍കുമാര്‍ തന്റെ പ്രവര്‍ത്തന വിജയത്തിലൂടെ ആധുനിക സമൂഹത്തിന് നല്‍കുന്ന മഹത്തായ സന്ദേശമാണിത്.

ഇന്റര്‍നാഷണല്‍ ബിസിനസിൽ എംബിഎ ബിരുദധാരിയായ അരുണ്‍കുമാര്‍ അപകടത്തെ തുടര്‍ന്ന് വിശ്രമിക്കവെയാണ് തന്റെ ഒന്നര ഏക്കറോളം പുരയിടത്തില്‍ പച്ചക്കറിയും വാഴ കൃഷിയും ചെയ്തത്. പൂര്‍ണ്ണമായി ജൈവകൃഷി രീതിയാണ് നടത്തിയിരിക്കുന്നത്. ട്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ വെള്ളവും വളവും നല്‍കി പരിപാലിച്ച കൃഷിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുവാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൂടി ചേര്‍ന്നപ്പോള്‍ കൃഷിഭൂമിയില്‍ സ്വപ്‌നതുല്ല്യമായ വിളവാണ് ലഭിച്ചത്. 

ഹൈബ്രീഡ് ഇനത്തിലും നാടന്‍ ഇനത്തിലുമുള്ള വിത്തും തൈകളുമാണ് കൃഷിയ്ക്ക് ഉപയോഗിച്ചു വരുന്നത്. വെണ്ട, വഴുതന, പയര്‍, പാവല്‍, പടവലം, തക്കാളി, പച്ചമുളക്, കാന്താരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളും ഞാലിപൂവന്‍ വാഴയും, ചേന, ഇഞ്ചി, ചേമ്പ് തുടങ്ങിയ ഇടവിള കൃഷിയും അരുണ്‍കുമാറിന്റെ കൃഷിത്തോട്ടത്തിലുണ്ട്. കൃഷിയില്‍ ആവശ്യമായ സഹായങ്ങള്‍ കൃഷിഭവനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചു. ഉന്നത ബിരുദധാരിയായിട്ടും, പാരമ്പര്യമായി തന്റെ കുടുംബം നടത്തി പോന്ന കൃഷി വീണ്ടും തുടങ്ങിയപ്പോള്‍ ഏറെ സന്തോഷത്തിലാണ് അരുണ്‍കുമാര്‍.