രാത്രിയിൽ കാറിൽ ഒളിച്ച് കടത്താൻ ശ്രമം, കയ്യോടെ പൊക്കി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
കൊല്ലം: വിൽപനക്കെത്തിച്ച 46 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് യുവാവും യുവതിയും പിടിയിൽ. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ഓണ വിപണി ലക്ഷ്യമിട്ട് ലഹരി മരുന്നുകൾ വ്യാപകമായി കടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം രാത്രിയും പകലും പൊലീസ് പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി വെള്ളയിട്ടമ്പലത്ത് കൊല്ലം വെസ്റ്റും പൊലീസും സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 46 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി മരുന്ന് എത്തിച്ച ഇരവിപുരം സ്വദേശി റെജി, എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.
വൻ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ആര്യ എറണാകുളത്തെ എംഡിഎംഎ കേസിൽ പ്രതിയാണ്. ഇവരുടെ ലഹരി കടത്ത് ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.