ജില്ലയിൽ ഇനി 53,000 -ലേറെ കുട്ടികൾ ആദ്യഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. വാക്സിനേഷനെതിരായ വ്യാജ പ്രചാരണം രോഗ പ്രതിരോധത്തിന് തിരിച്ചടിയാകുന്നുണ്ട്.


മലപ്പുറം: ജില്ലയിലെ അഞ്ചാംപനി വ്യാപനത്തിൽ ഭീതി അകലുന്നു. രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും ജില്ല മെഡിക്കൽ ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവംബറിലാണ് കൽപ്പകഞ്ചേരി പഞ്ചായത്തൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് തീവ്രവ്യാപനമായിരുന്നു ജില്ലയില്‍. രണ്ടുമാസം പിന്നിടുമ്പോൾ ആശ്വാസത്തിന്‍റെ കണക്കുകളാണ് പുറത്ത് വരുന്നത്. 

ഇതുവരെ റിപ്പോർട്ട് ചെയ്തത് 802 കേസുകളാണ്. എന്നാല്‍ നിലവില്‍ 93 പേർക്ക് മാത്രമാണ് ജില്ലയില്‍ നിലവിൽ രോഗബാധയുളളത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ വെളളിയാഴ്ച 11 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചതും ഇതിലുൾപ്പെടും. പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നതും ആശ്വാസത്തിന് വക നല്‍കുന്നു. കേന്ദ്ര സംഘത്തന്‍റെ നി‍ർദ്ദേശ പ്രകാരമുളള നടപടികൾ ഫലം കാണുന്നതായാണ് വിലയിരുത്തൽ.

ജില്ലയിൽ ഇനി 53,000 -ലേറെ കുട്ടികൾ ആദ്യഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. പ്രാദേശിക അടിസ്ഥാനത്തിൽ രോഗ വ്യാപന തോതും വാക്സിനേഷൻ പുരോഗതിയും വിലയിരുത്തിയാകും തുടർ നടപടികൾ. വാക്സിനേഷനെതിരായ വ്യാജ പ്രചാരണം രോഗ പ്രതിരോധത്തിന് തിരിച്ചടിയാകുന്നുണ്ട്. സ്‌കൂളുകളിൽ വരുന്ന കുട്ടികൾ മാസ്ക് ധരിക്കണമെന്നതുൾപ്പെടെയുളള നിയന്ത്രണങ്ങൾ ഒന്നുകൂടി കടുപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

YouTube video player