Asianet News MalayalamAsianet News Malayalam

നാദാപുരത്തിന് സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി ബാധ; വാക്സീനേഷനോട് വിമുഖത വെല്ലുവിളി

നാദാപുരം പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ കാവിലും പാറ,മരുതോങ്കര, പഞ്ചായത്തുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികളുള്ളത് നാദാപുരത്താണ്, 18 പേര്‍

Measles spread Nadapuram people not ready for vaccination
Author
First Published Jan 15, 2023, 2:14 PM IST

കോഴിക്കോട്: നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു. 24 പേരാണ് അഞ്ചാം പനി ബാധിച്ച് പ്രദേശത്ത് ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായ നാദാപുരം പഞ്ചായത്തില്‍ ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

നാദാപുരം പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ കാവിലും പാറ,മരുതോങ്കര, പഞ്ചായത്തുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികളുള്ളത് നാദാപുരത്താണ്, 18 പേര്‍. പ്രതിരോധകുത്തിവെപ്പെടുക്കാന്‍ ആളുകള്‍ മടിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നാദാപുരം പഞ്ചായത്തില്‍ മാത്രം 340 കുട്ടികള്‍ വാക്സീന്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ കണക്ക്. വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ 65 പേര്‍ മാത്രമാണ് വാക്സീനെടുത്തത്.

വാക്സീന്‍റെ പ്രാധാന്യം പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികള്‍ തുടങ്ങി. ആവശ്യമെങ്കില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios