കോഴിക്കോട്: ആരോഗ്യ വകുപ്പ് ക്വാറൻ്റീൻ നിർദേശിച്ച ഡ്രൈവർ, ബസ്സ് സ്റ്റോപ്പിലും പൊലീസ് സ്റ്റേഷൻ പരിസരത്തും കറങ്ങി നടക്കുന്നു. സംഭവത്തിൽ മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകി. പശ്ചിമ ബംഗാളിലേക്ക് യാത്ര പോയി കഴിഞ്ഞ പതിനാറാം തീയതി തിരിച്ചെത്തിയ പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽപ്പെട്ട പെരുമ്പള്ളി ആനപ്പാറപൊയിൽ അനിൽ കുമാറിനെതിരെയാണ് പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പരാതി നൽകിയത്. 

അനിൽ ക്വാറൻ്റീനിൽ കഴിയാതെ നാട്ടിലാകെ ചുറ്റി തിരിഞ്ഞു നടക്കുന്നതിനാൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ താമരശ്ശേരി പൊലിസ് സ്റ്റേഷന് സമീപം ഉണ്ടായിരുന്നത്രെ. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ പൊലീസ് സ്റ്റേഷന് അകത്തും പ്രവേശിച്ചിരുന്നു. പെരുമ്പള്ളി ബസ് സ്റ്റോപ്പിലും ഏറെ നേരം ഇയാളെ നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പൊലീസിനെ സമീപിച്ചത്.