ഇടുക്കി: കൊറോണ വൈറസ് രോഗം പ്രതിരോധിക്കാന്‍ ജില്ല സജ്ജമായി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍കൊള്ളിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ടീം രൂപികരിച്ചു . മൂന്ന് ഷിഫ്റ്റുകളിലായി രണ്ടു നേഴ്സുമാര്‍ വീതവും ഇവരോടൊപ്പം ഉണ്ടാകും. കൂടാതെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡും പ്രത്യേക ഒപിയും പ്രവര്‍ത്തനം ആരംഭിച്ചു.

ചൈനയില്‍ നിന്ന് മടങ്ങിവന്ന 21 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. രണ്ടുപേര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യസഹായത്തിന് എത്തിച്ചെങ്കിലും  ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. എങ്കിലും 28 ദിവസം വരെ വീടുകളിലോ ആശുപത്രിയിലോ  നീരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചികിത്സാ സമയത്ത് രോഗം പകരാതിരിക്കാന്‍ വേണ്ട മാസ്‌കും പ്രതിരോധ സാമഗ്രികളും മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുവാന്‍  പലവിധ ബോധവത്കരണ പരിപാടികളും ഇതോടൊപ്പം വകുപ്പ് ആസുത്രണം ചെയ്യുന്നുണ്ട്. ജില്ലയില്‍ നോഡല്‍ ഓഫീസറായി ഡോ. ദീപേഷിനെ (9447169947) ചുമതലപ്പെടുത്തി.

മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഡോ.ജെനിസ് മുണ്ടോടനെ (8281078680) ഫോണില്‍ ബന്ധപ്പെടാം. സൂപ്രണ്ട് ഡോ രവികുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ യോഗത്തില്‍ ഡോ. ദീപേഷ്, ഡോ.ജെനിസ് മുണ്ടോടന്‍, ഡോ സോണിയ ജോണ്‍, ഡോ.മിനു ജോണ്‍, നേഴ്സിംഗ് സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.