Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം , ആനയൂട്ട് ഉടൻ തുടങ്ങും

ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കും ആയുർവേദ അലോപ്പതി മരുന്നുകൾ ചേർത്തുള്ള ആഹാരമാണ് സുഖചികിത്സ സമയത്ത് നൽകുന്നത്

Medical treatment for Elephants under Guruvayoor Devaswom
Author
Thrissur, First Published Jul 1, 2022, 4:17 PM IST

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ ആനകൾക്കായി സുഖചികിത്സ. പുന്നത്തൂർ കോട്ടയിൽ ജൂലൈ മുപ്പത് വരെയാണ് സുഖചികിത്സ നൽകുന്നത്. ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കും ആയുർവേദ അലോപ്പതി മരുന്നുകൾ ചേർത്തുള്ള ആഹാരമാണ് സുഖചികിത്സ സമയത്ത് നൽകുന്നത്. ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃത ആഹാരം പ്രത്യേക ചിട്ടയോടെ നൽകുന്നതാണ് സുഖ ചികിത്സ കാലത്തിന്‍റെ രീതി. 

ചികിൽസ തുടങ്ങും മുൻപേ ആനകളുടെ രക്തവും എരണ്ട സാമ്പിളും ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ആനകളുടെ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളും സൂക്ഷ്മമായി വിലയിരുത്തും. ചികിൽസയ്ക്ക് മുന്നോടിയായി വിര നിർമ്മാർജ്ജനത്തിനായുളള മരുന്നുകളും നൽകും. പ്രത്യേക ആയൂർവ്വേദക്രമവും പിൻതുടരും. ആനകളുടെ ആരോഗ്യനിലയും ശരീരശാസ്ത്രവും മനസിലാക്കിയാകും ചികിൽസാ ക്രമം നിശ്ചയിക്കുക. ചികിത്സയുടെ ഭാഗമായി വിശദമായ തേച്ച് കുളി, മരുന്നുകൾ അടങ്ങുന്ന ആഹാരക്രമം, വ്യായാമം എന്നിവയുണ്ടാകും. 

ഓരോ ആനയുടെയും പ്രത്യേകത മനസിലാക്കി വിദഗ്ധ സമിതിയാകും ആഹാരക്രമം തീരുമാനിക്കുക. 3960 കിലോ അരി, 1320 കിലോ ചെറുപയർ / മുതിര,1320 കിലോ റാഗി, 132 കിലോ അഷ്ട ചൂർണ്ണം, 330 കിലോ ച്യവനപ്രാശം, 132 കിലോ മഞ്ഞൾ പൊടി, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുക. പതിനാല് ലക്ഷം രൂപയാണ് സുഖ ചികിത്സക്കായി വകയിരിത്തിയിരിക്കുന്നത്. പുന്നത്തൂര്‍ ആനക്കോട്ടയിലെ നാല്പത്തിനാല് ആനകളില്‍ പതിനാല് എണ്ണം നീരിലാണ്. നീരിലുള്ള ആനകള്‍ക്ക് പിന്നീട് സുഖ ചികിത്സ നല്‍കും.

Follow Us:
Download App:
  • android
  • ios