കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനക്കായി കൊണ്ടുവന്ന 7.450 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി ചെറുപുരയ്ക്കൽ അബ്ദുൾ ഗഫൂർ(46 ) ചെമ്മാട് സ്വദേശി നരിമടത്തിൽ സിറാജ് (38 ) എന്നിവരെയാണ് ഫറോക്ക് പോലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. 7.450 കി.ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.           

കഴിഞ്ഞ വർഷം 4 കിലോഗ്രാം കഞ്ചാവുമായി ബേപ്പൂരിൽ നിന്നും ഗഫൂറിനെ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ് (ഡൻസാഫ്) പിടികൂടിയിരുന്നു. ആ കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ അമിത ആദായത്തിനായി വീണ്ടും കഞ്ചാവു വില്പനയിലേക്ക് കടന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

ആന്ധ്രാപ്രദേശ്, കർണ്ണാടക, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന കഞ്ചാവ് ഗഫൂർ സുഹൃത്തായ സിറാജിന്റെ നിയന്ത്രണത്തിലുള്ള ചൂതാട്ട കേന്ദ്രത്തിൽ ഒളിപ്പിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ഗഫൂറും സിറാജും ചേർന്ന് രാത്രി സമയങ്ങളിൽ രഹസ്യമായി എത്തിച്ച് കൊടുക്കുകയുമാണ് പതിവ്.

ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച പോലീസ് ആന്ധ്രയിൽ നിന്നും ഗഫൂർ കഞ്ചാവ് ഇവരുടെ രഹസ്യ താവളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഡൻസാഫും ഫറോക്ക് പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ശനിയാഴ്ച രാത്രി രാമനാട്ടുകര നിസരി ജംങ്ഷനു സമീപത്ത് നിന്നും സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 7.450 കിലോഗ്രാം കഞ്ചാവുമായി  ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.

ഇവർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും ഉള്ള വിവരങ്ങൾ ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലയിലെ ലഹരി മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരാകണമെന്ന് കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി ജോർജ്ജ് ഐ.പി.എസ് അറിയിച്ചു.

ഫറോക്ക് പോലീസ് സബ് ഇൻസ്പെക്ടർ കെ.മുരളീധരന്റെ നേതൃത്വത്തിൽ എസ്.ഐ ഹരീഷ് എം.സി, സി.പി.ഒമാരായ പ്രജീഷ് കുമാർ, സന്തോഷ്.എ, ഡൻസാഫ് അംഗങ്ങളായ ജോമോൻ കെ.എ, നവീൻ എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.