കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് ബുള്ളറ്റില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഒരാളുടെ അറസ്റ്റ്. രണ്ടാമൻ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പിടിയിലായി

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളില്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരായ യുവാക്കളെ 16.400 കിലോഗ്രാം കഞ്ചാവ് സഹിതം പോലീസ് പിടികൂടി. കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് കൊടുവള്ളി, താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ഇവരെ പിടികൂടിയത്. കൂരാച്ചുണ്ട് പുതുപ്പറമ്പില്‍ കെ.കെ സമീര്‍ (45), കുന്ദമംഗലം കാരന്തൂര്‍ കുഴിമ്പാട്ടില്‍ വീട്ടില്‍ രഞ്ജിത്ത് കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന സമീറിനെ മദ്രസാ ബസാറില്‍ വെച്ചാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 9.400 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട്-സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്ത് പൊലീസിനെ കണ്ട് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ 6.900 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. ജയിലില്‍ വച്ച് പരിചയപ്പെട്ട രണ്ടു പേരും വര്‍ഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു. 

ഒഡീഷയില്‍ നിന്നും കഞ്ചാവ് വാങ്ങി റോഡ് മാര്‍ഗ്ഗം കോഴിക്കോടും, വയനാടും എത്തിച്ചാണ് വില്‍പന. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ എത്തിച്ചു 30,000 രൂപക്ക് വരെ വില്‍ക്കുന്നതാണ് ഇവരുടെ രീതി. രണ്ടുപേരും മുമ്പ് മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നവരാണ്. സമീറിന്റെ പേരില്‍ പേരാമ്പ്ര, കസബ, മാനന്തവാടി, പാണ്ടിക്കാട്, താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണത്തിനും മലഞ്ചരക്ക് മോഷണത്തിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി കെ.എസ് ഷാജി, താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ് എന്നിവരുടെ നിര്‍ദേശപ്രകാരം കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ്, താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി ജെ.എഎഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം