Asianet News MalayalamAsianet News Malayalam

തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം; ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ഔദ്യോഗിക രംഗത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

mentall harassment in the workplace The women s commission sought a report from the officials
Author
First Published Oct 30, 2023, 4:48 PM IST

ചങ്ങനാശേരി: ഔദ്യോഗിക രംഗത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ചങ്ങനാശേരി ഇഎംഎസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനാണ് ഇതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചത്.  

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി ഭാര്യ നല്‍കിയ പരാതിയും സിറ്റിംഗില്‍ പരിഗണിച്ചു. തന്റെ ഔദ്യോഗിക ജോലിയില്‍ പുറത്ത് നിന്നുള്ള വ്യക്തികള്‍ കൈകടത്തുന്നതായുള്ള വനിതയുടെ പരാതിയും പരിഗണിച്ചു. വനിതയുടെ വീട്ടിലേക്ക് അയല്‍വാസി മലിനജലം ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തുന്നതിന് ജാഗ്രത സമിതിയെ കമ്മിഷന്‍ ചുമതലപ്പെടുത്തി. 

പ്രായമായ അമ്മമാരെ മക്കള്‍ നോക്കുന്നില്ല, ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണം, വഴി തര്‍ക്കം തുടങ്ങിയ കേസുകളും പരിഗണിച്ചു. സിറ്റിംഗില്‍ ആകെ 70 പരാതികള്‍ പരിഗണിച്ചു. 18 എണ്ണം പരിഹരിച്ചു. അഞ്ച് പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ. സി.കെ. സുരേന്ദ്രന്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.   

Read more:ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മാധ്യമ രംഗത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍: വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ

കോട്ടയം: കേരളത്തിലെ മാധ്യമ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ നാളെ രാവിലെ 10 മണി മുതല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വിശിഷ്ടാതിഥിയാകും.

കേരള മീഡിയാ അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പറും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷററുമായ സുരേഷ് വെള്ളിമംഗലം മുഖ്യപ്രഭാഷണം നടത്തും. മാധ്യമ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഔട്ട്‌ലുക്ക് മാസികയുടെ സീനിയര്‍ എഡിറ്റര്‍ കെ.കെ. ഷാഹിന ചര്‍ച്ച നയിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

 

Follow Us:
Download App:
  • android
  • ios