കല്‍പ്പറ്റ: കൊവിഡില്‍ ആശങ്കയൊഴിയാതെ വയനാട്ടിലെ ഗ്രാമീണ ജീവിതവും. ഒടുവില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ് പോസറ്റീവായതോടെ മേപ്പാടി പഞ്ചായത്ത് ആകെ നിയന്ത്രണമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ല ഭരണകൂടം. തിങ്കളാഴ്ച മേപ്പാടിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ നൂറില്‍ 25 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. 

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയിൽ പോസിറ്റീവ് ആയത്. ഒമ്പത് മുണ്ടക്കൈ സ്വദേശികളും 16 ചൂരല്‍മല സ്വദേശികള്‍ക്കുമാണ് പോസിറ്റീവായത്. ഇത്രയും പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ മേപ്പാടി പഞ്ചായത്തില്‍ വലിയതോതിലുള്ള രോഗവ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനകം തന്നെ 20 പേര്‍ മേപ്പാടിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലുമാണ്. ഈ സാഹചര്യത്തിലാണ് മുഴുവന്‍വാര്‍ഡുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

Read Also: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മുന്നൊരുക്കം വന്‍ദുരന്തം ഒഴിവാക്കി

എടവക പഞ്ചായത്തിലെ വാര്‍ഡ് മൂന്നിനെയും (ഒഴക്കോടി) കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. തോട്ടംതൊഴിലാളികള്‍ ഏറെയും വടക്കേവയനാട്ടിലാണുള്ളത്. ഇവര്‍ക്കിടയില്‍ രോഗം പടരാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് ജാഗ്രത. 

അതേസമയം, തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിറക്കി. ജില്ല ആസ്ഥാനമായ കല്‍പ്പറ്റ നഗരസഭയുടെ വിവിധ വാര്‍ഡുകളും നിരവധി തവണ നിയന്ത്രണങ്ങളിലേക്ക് പോയിരുന്നു. മേപ്പാടി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഇവിടുത്തെ പലചരക്ക്, പച്ചക്കറി, മാംസ വില്‍പ്പന കടകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും പെട്രോള്‍ പമ്പിനും മാത്രം നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാം.