Asianet News MalayalamAsianet News Malayalam

സഞ്ചാരികളില്ല; കുറുവാദ്വീപിലെ കച്ചവടക്കാർ പ്രതിസന്ധിയിൽ

സീസൺ ആണെങ്കിൽ മുമ്പ് ഒരു ദിവസം മൂവായിരത്തോളം വിനോദസഞ്ചാരികൾ എത്തിയിരുന്ന കുറുവയിൽ ഇപ്പോൾ 500-ൽ താഴെ ആളുകളാണ് വരുന്നത്.

merchants in the kuruva Islands are in crisis
Author
Kalpetta, First Published Dec 21, 2019, 12:59 PM IST

കൽപ്പറ്റ: നിറയെ സഞ്ചാരികളെത്തിയിരുന്ന കുറുവാ ദ്വീപിൽ ഉപജീവന മാർഗം കണ്ടെത്തിയവർ പ്രതിസന്ധിയിൽ. രണ്ട് പ്രളയം അതിജീവിച്ച കച്ചവടക്കാരാണ് ദ്വീപ് അടച്ചിട്ടതോടെ പ്രയാസത്തിലായിരിക്കുന്നത്.

വിദേശ സഞ്ചാരികളെ  അടക്കം ആശ്രയിച്ചായിരുന്നു കച്ചവടക്കാർ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ കുറവാദ്വീപിന് അകത്തേക്കുള്ള പ്രവേശനം നിരോധിച്ചതോടെയാണ് ചെറുകിട കച്ചവടക്കാർ കൂടുതൽ ദുരിതത്തിലായത്. ഇപ്പോൾ പുഴയിൽ ചങ്ങാട സവാരി മാത്രമാണുള്ളത്. സഞ്ചാരികളുടെ എണ്ണവും വളരെയധികം കുറഞ്ഞു. ഇതോടെ കച്ചവടവും ഇല്ലാതായെന്ന് കച്ചവടക്കാർ പറഞ്ഞു.

വരുമാനമില്ലാതായതോടെ കടകൾ നന്നാക്കാനായി എടുത്ത വായ്പപോലും തിരിച്ചടയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണിവർക്ക്. സീസൺ ആണെങ്കിൽ മുമ്പ് ഒരു ദിവസം മൂവായിരത്തോളം വിനോദസഞ്ചാരികൾ എത്തിയിരുന്ന കുറുവയിൽ ഇപ്പോൾ 500-ൽ താഴെ ആളുകളാണ് വരുന്നത്. അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ ആളുകൾ ചങ്ങാട സവാരി മാത്രം നടത്തി ചുരുങ്ങിയ സമയം ചെലവഴിച്ച് മടങ്ങുകയാണ്.

"മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് പ്രളയത്തിൽ തകർന്നുപോയ ഫാൻസിക്കട അറ്റകുറ്റപ്പണി നടത്തി വീണ്ടും കച്ചവടമാരംഭിച്ചത്. ദ്വീപിൽ പ്രവേശനം നിരോധിച്ചതോടെ കച്ചവടവുമില്ല, നഷ്ടപരിഹാരമോ മറ്റു സഹായധനങ്ങളോ ലഭിച്ചില്"-കുറവാദ്വീപിനോട് ചേർന്ന് ഫാൻസിക്കട നടത്തുന്ന സിന്ധു ബാബു പറഞ്ഞു. 

കുറവാദ്വീപിനോട് ചേർന്ന് കച്ചവടം നടത്തുന്ന എല്ലാ ചെറുകിട കച്ചവടക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്. കൈത്തറി ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഫാൻസികൾ, നാടൻ ഭക്ഷണശാലകൾ തുടങ്ങിയവയാണ് കുറവാ ദ്വീപിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വർഷവും ഈ വർഷവും പ്രളയത്തിൽ കടയും സാധനങ്ങളും നശിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തേക്കാൾ നാശനഷ്ടങ്ങൾ കൂടുതലായിരുന്നു ഈ വർഷം. 

രണ്ട് ഫാൻസിക്കടകളും ഒരു നാടൻ ഭക്ഷണശാലയും പൂർണമായും തകർന്നു. മറ്റുകടകൾക്ക് കേടുപാടുകൾ ഉണ്ടായി. വെള്ളപ്പൊക്കത്തിൽ സാധന സാമഗ്രികളും നശിച്ചു. എന്നാൽ ഉപജീവനമാർഗമായ കട ഇവരാരും ഒഴിവാക്കിയില്ല. ബാങ്കിൽനിന്നും കുടുംബശ്രീയിൽ നിന്നും വായ്പയെടുത്ത് കടകൾ നന്നാക്കി വീണ്ടും കച്ചവടമാരംഭിച്ചു. കുറുവാദ്വീപ് പഴയതുപോലെ തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യർ.

Follow Us:
Download App:
  • android
  • ios