കോൺഗ്രസ്സിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞ് അടുക്കുകയായിരുന്നു
അതിരപ്പിള്ളി: അതിരപ്പിള്ളി മലക്കപ്പാറയിൽ പര്യടനത്തിനു പോയ ബ്ലോക്ക് സ്ഥാനാർത്ഥിക്കും സംഘത്തെയും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കോൺഗ്രസ്സിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞ് അടുക്കുകയായിരുന്നു. കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന പ്രവർത്തകർ ഇറങ്ങി ഓടി. പോൾസന്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികിലെ കുഴിയിൽ വീണതുകൊണ്ട് പ്രചാരണ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ പോൾസനും കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനെ പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിച്ചിരുന്നു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥിയെ വളർത്തുനായ ആക്രമിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.


