കല്‍പ്പറ്റ: കൊറോണ വ്യാപനം തടയുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ അശാസ്ത്രീയമെന്ന് ആരോപണമുയര്‍ത്തി വീണ്ടും വയനാട്ടിലെ വ്യാപാരികള്‍. ഏതെങ്കിലും പ്രദേശത്ത് രോഗം സ്ഥിരീകരിച്ചാല്‍ മതിയായ അന്വേഷണം നടത്താതെ തോന്നിയ പോലെ സ്ഥാപനങ്ങള്‍ അടപ്പിക്കുകയാണ് അധികൃതരെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

കല്‍പ്പറ്റ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. മുമ്പ് സുല്‍ത്താന്‍ബത്തേരി നഗരസഭക്ക് എതിരെയും വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. വാര്‍ഡുകള്‍ അടച്ചിടുന്നത് വേണ്ടത്ര വിവരങ്ങള്‍ ശേഖരിച്ചിട്ടല്ലെന്ന ആരോപണമായിരുന്നു അന്ന് നഗരസഭ ചെയര്‍മാനെതിരെ കച്ചവടക്കാര്‍ ഉയര്‍ത്തിയിരുന്നത്. പുല്‍പ്പള്ളി, മാനന്തവാടി എന്നിവിടങ്ങളിലും രോഗവ്യാപനനിയന്ത്രണ നടപടികള്‍ക്കെതിരെ വ്യാപാരികളില്‍ പ്രതിഷേധം ഉണ്ടായിരുന്നു.

തുടര്‍ച്ചയായുള്ള അടച്ചിടല്‍ ജില്ലയിലെ ചെറുകിട വ്യവസായങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും സാരാമായി ബാധിച്ചുവെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പല വ്യവസായ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചുപൂട്ടിക്കിടക്കുകയാണെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല ഹോട്ടല്‍ വ്യവസായമേഖലയെയാണ് കൊവിഡ് പ്രതിസന്ധി ഗുരുതരമായി ബാധിച്ചത്. നാട്ടിന്‍പുറങ്ങളിലെ ചെറുകിട ഹോട്ടലുകള്‍ തുറക്കാന്‍ കഴിയുമെങ്കിലും ഇടക്കിടെയുള്ള അടച്ചിടല്‍ നഗരത്തിലെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്. അശാസ്ത്രീയമായ അടച്ചിടല്‍ രീതി തുടര്‍ന്നാല്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ അടക്കം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി വരുന്ന 25ന് എല്ലാ കടകള്‍ക്ക് മുമ്പിലും പ്ലക്കാര്‍ഡ് വെക്കും.

അതേ സമയം കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമാണ് ജില്ല കലക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് എന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. മാത്രമല്ല രോഗം നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ പടര്‍ന്നുപിടിച്ചാല്‍ ജനം ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.