കൽപറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവന്‍ പദ്ധതികളിലും സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നു. കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സിഎജി മാനദണ്ഡങ്ങള്‍ പ്രകാരം സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. വയനാട്ടിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് അമ്പലവയല്‍ പഞ്ചായത്തിലെ ആയിരംകൊല്ലി വാര്‍ഡില്‍ നടന്നു.

തൊഴിലാളികളുടെ ഗുണമേന്മ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സോഷ്യല്‍ ഓഡിറ്റിൽ പരിശോധനാ വിധേയമാക്കുക. തൊഴിലുറപ്പ് നിയമ പ്രകാരം തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുക, തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവയും സോഷ്യല്‍ ഓഡിറ്റിന്റെ ലക്ഷ്യങ്ങളാണ്.

പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാര്‍ഡടിസ്ഥാനത്തിലാണ് സോഷ്യല്‍ ഓഡിറ്റിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും സോഷ്യല്‍ ഓഡിറ്റ് ഉടനെ നടത്തുമെന്നും അധികൃതർ അറിയിച്ചു.