തിരുവനന്തപുരം: വെഞ്ഞാറമൂടിനടുത്ത് ചെമ്പൂരിൽ ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെംമ്പൂർ പരമേശ്വരം പങ്കജ ഹൌസിൽ രവികുമാർ (60), ഭാര്യ ബിന്ദു (48), എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മരുമകൻ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തെന്ന് വ്യക്തമായത്.

രവികുമാറിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഷുഗർ രോഗവും പിടിപെട്ടു. കാലിൽ ഉണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചു മാറ്റണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇരുവരും. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വിരലുകൾ മുറിക്കാനുള്ള ശസ്ത്രക്രിയ നാളെ നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. ഇനി ആരെയും ബുദ്ധിമുട്ടിക്കാൻ ഇല്ലെന്നും ഭർത്താവിനൊപ്പം താനും മരിക്കുകയാണെന്ന് ബിന്ദു മക്കൾക്കായി എഴുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.