മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളില്‍ നേരത്തെ തന്നെ എത്തി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. 

ഇടുക്കി: എടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളില്‍ നേരത്തെ തന്നെ എത്തി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. 

ഇങ്ങനെയെത്തുന്ന ഇടപാടുകാരില്‍ നിന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ മെഷീനില്‍ ഇടും. തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ പറയും. എന്നാല്‍ പിന്‍ നമ്പര്‍ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനില്‍ കാണുന്നതോടെ ഇടപാടുകാരന്‍ കാര്‍ഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിന്‍വലിക്കുകയായിരുന്നു ഇയാളുടെ രീതി. പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും.

കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായര്‍ എന്നയാള്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആഈ മാസം രണ്ടിനാണ് നടന്നത് കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിലുള്ള എസ്.ബി.ഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് മെഷീനില്‍ ഇടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ കയറിയെങ്കിലും അവിടെയും ഇതേ പ്രശ്നം. എന്നാല്‍ മറ്റൊരു എടിഎം മെഷീന് മുന്നില്‍ പൈസയുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് എങ്ങനെ പണം എടുത്തുവെന്ന് അന്വേഷിച്ചു. ഇതോടെ ഇയാള്‍ സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. 

എടിഎം കാര്‍ഡ് ശ്രീജിത്തിന്റെ കൈയ്യില്‍ നിന്ന് അയാള്‍ വാങ്ങി എടിഎം മെഷീനില്‍ ഇടുകയും തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ പിന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാര്‍ഡുമായി ശ്രീജിത്ത് മടങ്ങിപ്പോയി. കൂടുതല്‍ എടിഎമ്മുകളില്‍ ഉപയോഗിച്ചതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ശ്രീജിത്ത് കരുതിയത്. എന്നാല്‍ അടുത്ത ദിവസം രാവിലെ മുതല്‍ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടുന്നതായുള്ള മെസ്സേജ് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. 

എടിഎം കാര്‍ഡുമായി ബാങ്കില്‍ എത്തിയപ്പോള്‍ തന്റെ കൈയ്യില്‍ ഇരിക്കുന്ന എടിഎം കാര്‍ഡ് മറ്റൊരാളുടെ പണമില്ലാത്ത കാര്‍ഡാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം എടിഎം കൗണ്ടറില്‍ കണ്ടയാള്‍ കബളിപ്പിച്ചതെന്ന് മനസ്സിലാക്കിയ ശ്രീജിത് ബാങ്കിലും കട്ടപ്പന പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.എ കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും സാമാനമായ കുറ്റക്യത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് സമാനരീതിയില്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏടിഎം മോഷണം നടത്തുകയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഒരു മാസം മുമ്പ് പുറത്തു വന്ന തമ്പിരാജിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപൂര്‍വ്വമായി മാത്രം ബോഡിയിലെ വീട്ടില്‍ എത്തുന്ന ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്‍പിയുടെ നേത്യത്വത്തില്‍ പിടികൂടുകയായിരുന്നു.

 കട്ടപ്പന എസ്എച്ച്ഒ പി.ടി മുരുകന്‍, എസ്.ഐ സജിമോന്‍ ജോസഫ്, വി.കെ അനീഷ് എന്നിവരും തമിഴ്‌നാട് ക്രൈം പോലീസ് എസ്.ഐ ഷംസുദ്ദീന്‍, സേതുപതി എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതിയെ പിടികൂടിയത്. പ്രായമായവരും അതിഥി തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയാകുന്നതിലധികം ആളുകളും. തമിഴ്‌നാട്ടില്‍ 27 ഓളം കേസുകളും കര്‍ണാടക,ആന്ധ്ര എന്നി സംസ്ഥാനങ്ങളില്‍ സമാനമായ കേസുകളിലും പ്രതിയാണിയാള്‍. ഇടുക്കി ജില്ലയില്‍ പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 

Read also:  'തിമിരത്തിന് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ 18 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു'; ആശുപത്രിക്കെതിരെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player