ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖമൂലം കത്ത് നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. 

തൃശൂർ: ആമ്പല്ലൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ വനിതാ ഡോക്ടറെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഓട്ടുകമ്പനി ഉടമ അസഭ്യം പറഞ്ഞതായി ആക്ഷേപം. പിന്നീട് പൊലീസ് സുരക്ഷയില്‍ യുവതിയെയും കുഞ്ഞിനെയും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ കമ്പനി ഉടമ തട്ടികയറുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇയാള്‍ നിരാകരിച്ചതോടെയാണ് തര്‍ക്കമായത്. 

ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖമൂലം കത്ത് നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെ വനിത ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു. 

ആശുപത്രിയിലേയ്ക്ക് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ ഓട്ടുകമ്പനി ഉടമ ഊരിയെടുത്തു. യഥാസമയം തൊഴിലാളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ട് പുതുക്കാട് പൊലിസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേ്ക്ക് മാറ്റിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് ഗര്‍ഭിണിയായ യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.