അതിഥി തൊഴിലാളിയായ സഹജൻ അലി സമീപ പ്രദേശങ്ങളിൽ രഹസ്യമായി കഞ്ചാവ് വില്പന നടത്തി വരികെയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട്: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള പരിശോധനയിൽ കോഴിക്കോട് കഞ്ചാവും വയനാട് ചാരായവും പിടികൂടി എക്സൈസ് സംഘം. കോഴിക്കോട് അതിഥി തൊഴിലാളിയിൽ നിന്ന് 3.2 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപം വച്ചാണ് പശ്ചിമ ബംഗാൾ സ്വദേശി സഹദൻ അലിയെ എക്സൈസ് കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തത്.
അതിഥി തൊഴിലാളിയായ സഹജൻ അലി സമീപ പ്രദേശങ്ങളിൽ രഹസ്യമായി കഞ്ചാവ് വില്പന നടത്തി വരികെയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഹജൻ അലി പ്രദേശത്ത് കറങ്ങി നടക്കുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘവും ഇയാളെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടു. തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ. ടി, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് കുമാർ. സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സിറാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിൽ.S, അഖിൽദാസ്. ഇ, സച്ചിൻദാസ്. വി എന്നിവരാണുണ്ടായിരുന്നത്.
പുൽപ്പള്ളി പെരിക്കല്ലൂർ മൂന്നുപാലത്ത് ആണ് ചാരായം പിടികൂടിയത്. മൂന്നുപാലം സ്വദേശി കുന്നേൽ വീട്ടിൽ നിധീഷ് ദേവസ്യയിൽ നിന്നാണ് 18 ലിറ്റർ ചാരായം പിടികൂടിയത്. ഇയാളെ പ്രതിയാക്കി എക്സൈസ് കേസെടുത്തിട്ടുണ്ട്. നിധീഷ് താമസിക്കുന്ന വീടിനോട് ചേർന്നുള്ള ചായ്പ്പിൽ നിന്നാണ് ചാരായം കണ്ടെടുത്തത്. എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവര പ്രകാരം സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ സി.വി. ഹരിദാസ്, ജി. അനിൽകുമാർ, സുനിൽകുമാർ.എം.എ, സിവിൽ എക്സൈസ് ഓഫീസർ ഷെഫീഖ്.എം.ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ പി. എൻ, എക്സൈസ് ഡ്രൈവർമാരായ വീരാൻ കോയ, പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.
Read More : ആശ്വാസം, ശമ്പളം കിട്ടും: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് വേതനം നൽകാൻ 16.31 കോടി അനുവദിച്ചു
