കട്ടപ്പനയില്‍ നിന്ന് മന്തിക്കാനത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനിടയില്‍ ഇയാള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഓടുകയായിരുന്നു...

ഇടുക്കി: ജീപ്പിൽ നിന്നും ഇറങ്ങിയോടിയ തൊഴിലാളി മരത്തിൽ വലിഞ്ഞു കയറി താഴേക്ക് ചാടി. കട്ടപ്പന വെള്ളയാംകുടിയിലാണ് മിനിറ്റുകളോളം നാട്ടുകാരെയും പൊലീസിനെയും ഫയർഫോഴ്‌സിനെയും തൊഴിലാളി ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയത്. ഒടുക്കം ഫയർ ഫോഴ്‌സിനെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് താഴേക്ക് ചാടിയ തൊഴിലാളി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

ജാര്‍ഖണ്ഡ് സ്വദേശി അമലു എന്നയാള്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ചെമ്മണ്ണില്‍ ബേബി എന്നയാളുടെ പുരയിടത്തിലേയ്ക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടുടമസ്ഥരെ കണ്ടയുടനെ സമീപത്ത് നിന്നിരുന്ന മരത്തില്‍ ചാടിക്കയറുകയായിരുന്നു. 

പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടനെ അയല്‍വാസികളെ വിവരമറിയിച്ചു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ മരത്തില്‍ നിന്നും ഇറങ്ങുവാന്‍ കൂട്ടാക്കിയില്ല. വിവരമറിഞ്ഞ് കട്ടപ്പനയില്‍ നിന്നും പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇയാള്‍ വീണ്ടും കൂടുതല്‍ ഉയരത്തിലേയ്ക്ക് കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ താഴെയിറക്കാനായി ഏണിയും വലയും സ്ഥാപിച്ചെങ്കിലും ഇയാള്‍ മറ്റൊരു ദിശയിലേയ്ക്ക് ചാടുകയായിരുന്നു.

താഴേയ്ക്ക് പതിക്കുന്നതിനിടയില്‍ വീടിന്‍റെ ചിമ്മിനിയില്‍ ഇടിച്ചാണ് പരുക്കേറ്റത്. കഴുത്തിനും വാരിയെല്ലിനും സാരമായി പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനായി ഏജന്‍റുമാര്‍ വാടകയ്‌ക്കെടുത്ത വീട് മന്തിക്കാനത്തുണ്ട്. കട്ടപ്പനയില്‍ നിന്ന് തൊഴിലാളികളെ ഇങ്ങോട്ട് എത്തിക്കുന്നതിനിടയില്‍ ഇയാള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഓടുകയായിരുന്നു.