മലപ്പുറത്ത് അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശി ഇന്ദറിനെ (48) സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്, കൂടെ താമസിച്ചിരുന്നതും നാട്ടുകാരനുമായ പദം ഗദാബ എന്നയാളെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന ഇന്ദറിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ഇന്ദറിനൊപ്പം താമസിക്കുന്ന, ഇന്ദറിൻ്റെ നാട്ടുകാരന്‍ കൂടിയായ പദം ഗദാബ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ ച്ചയോടെയാണ് വേങ്ങര എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടുത്ത ചൂടായതിനാൽ ഇന്ദർ ഈ കെട്ടടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ടെറസിലെത്തി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.