മിനി ലോറിയടക്കം മൂന്നു വാഹനങ്ങള്‍ മില്ലിനടുത്തുള്ള വീട്ടുമുറ്റത്തുണ്ടായിരുന്നു. തോമസും മകനും ചേര്‍ന്നു മാറ്റിയതിനാല്‍ അതിനു തീ പിടിച്ചില്ല.

മാന്നാര്‍: തടിയറപ്പു മില്ല് കത്തി നശിച്ച് 20 ലക്ഷം രൂപയുടെ നഷ്ടം. പൊറ്റമേല്‍ക്കടവ് പാലത്തിനു സമീപം ചെറുപുഷ്പാലയം വീട്ടില്‍ സി.ജെ. തോമസിന്റെ വീടിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തടിയറപ്പു മില്ലാണ് ഇന്ന് പുലര്‍ച്ചേ 2.45നു തീ പിടിച്ചു കത്തി നശിച്ചത്. വൈദ്യുതി സര്‍ക്ക്യൂട്ടിലുണ്ടായ തകരാറാണ് കാരണമെന്നാണ് സൂചന. 

ഇവിടെ തടി അറുക്കുന്നതോടൊപ്പം ഫര്‍ണിച്ചര്‍ നിര്‍മാണവും ഉണ്ടായിരുന്നു. തേക്കിന്‍ തടിയില്‍ തീര്‍ത്ത 3 വലിയ അലമാര, 4 കട്ടില്‍, കൊത്തു പണികള്‍ നടത്തിയ 3 കതക്, മറ്റു തടി ഉരുപ്പടികള്‍, അറുത്തു വച്ച തടികള്‍ എന്നിവ പൂര്‍ണമായി കത്തി നശിച്ചു. 15 കുതിരശക്തിയുള്ളതടക്കം 5 മോട്ടറുകള്‍, ചിന്തേര്, കടച്ചില്‍, കട്ടിങ് എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍, അറുപ്പുവാള്‍, ഉപകരണ പെട്ടി, വലിയ തടിയില്‍ തീര്‍ത്ത സ്വിച്ച് ബോര്‍ഡ്, ഫാനടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ ഷീറ്റിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര, ഉത്തരം, കഴുക്കോല്‍ എന്നിവ കത്തി നശിച്ചു. 

മിനി ലോറിയടക്കം മൂന്നു വാഹനങ്ങള്‍ മില്ലിനടുത്തുള്ള വീട്ടുമുറ്റത്തുണ്ടായിരുന്നു. തോമസും മകനും ചേര്‍ന്നു മാറ്റിയതിനാല്‍ അതിനു തീ പിടിച്ചില്ല. മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് തീ അണച്ചത്.