നിര്‍ത്തിയിട്ടിരുന്ന ബസില്‍  നിന്നും ഒരാള്‍ ഡീസല്‍ മോഷ്ടിക്കുന്നത് അതുവഴി പോയ യാത്രക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ച മിനിലോറി ഡ്രൈവർ പിടിയിൽ. എറണാകുളം മൂവാറ്റുപുഴ പായിപ്ര പുത്തൻകുടിയിൽ സാജു മോനാണ് (53) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട ബസിൽനിന്നുമാണ് സാജു ഡീസല്‍ മോഷ്ടിച്ചത്.

മിനി ലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെ പുന്നപ്ര പൊലീസ് കൈയ്യോടെ സാജുവിനെ പിടികൂടുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും ഒരാള്‍ ഡീസല്‍ മോഷ്ടിക്കുന്നത് അതുവഴി പോയ യാത്രക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്. ഐ. നവാസ്, എ. എസ്. ഐ. ജോസഫ്, സി. പി. ഒ പ്രസാദ് എന്നിവരാണ് സാജു മോനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : തൃശ്ശൂരിൽ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; പരാജയപ്പെട്ടപ്പോൾ ചവിട്ടി വീഴ്ത്തി

അതിനിടെ വിമാനവാഹനിക്കപ്പൽ ഐഎന്‍എസ് വിക്രാന്തിൽ കവർച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ കോടതിയാണ് കപ്പലില്‍ നിന്നും നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഹാര്‍ഡ് വെയറുകളും മോഷ്ടിച്ച രണ്ട് പ്രതികളേയും ശിക്ഷിച്ചത്. ഒന്നാം പ്രതി ബീഹാര്‍ സ്വദേശി സുമിത് കുമാർ സിംഗിന് അഞ്ചു വര്‍ഷം തടവും രണ്ടാം പ്രതി രാജസ്ഥാൻ സ്വദേശി ദയാ റാമിന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്. 

വിചാരണ തുടങ്ങും മുമ്പ് തന്നെ രണ്ട് പ്രതികളും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. കപ്പൽശാലയിലെ സ്വകാര്യ കരാർ ഏജൻസിയിലെ തൊഴിലാളികൾ ആയിരുന്നു ഇരുവരും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ ആക്രിക്കടകളിലാണ് മോഷ്ടിച്ച വസ്തുക്കൾ ഇവർ വിറ്റത്. മോഷണം, സൈബർ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്‌സ്, 5 സോളിഡ് സ്‌റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയത്.