വിഴിഞ്ഞത്തേക്ക് വിളിച്ചുവരുത്തിയ മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ രണ്ടുപേർ തമിഴ്നാട്ടിൽ പിടിയിലായി. ഡ്രൈവറെ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ട ശേഷമായിരുന്നു മോഷണം. മോഷ്ടിച്ച ലോറി പൊളിച്ച നിലയിൽ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രി കടയിൽ വിറ്റ സംഭവത്തിൽ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ് (38), കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്‌വിൻ (42) എന്നിവരെയാണ് ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച ലോറി പൊളിച്ച നിലയിൽ കണ്ടെത്തി. എഡ‍്‍വിന്‍റെ ഗോഡൗണിൽ നിന്നുംലോറിയുടെ ചെയ്സും തമിഴ്നാട്ടിലെ ആക്രിക്കടയിൽ നിന്നും പൊളിച്ചു മാറ്റിയ ഭാഗങ്ങളും പൊലീസ് കണ്ടെത്തി. തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിന്‍റെ (35) ഉടമസ്ഥതയിലുള്ള ലോറിയാണ് കഴിഞ്ഞ 11 ന് രാത്രി വിഴിഞ്ഞത്തു നിന്നും തട്ടി കൊണ്ടുപോയത്.

വിഴിഞ്ഞത്ത് വിളിച്ചുവരുത്തി മോഷണം

രാജേഷാണ് ലോറി വിഴിഞ്ഞത്തേക്ക് വിളിച്ചു വരുത്തിയത്. വാഹനവുമായി വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ എത്തിയപ്പോൾ ഡ്രൈവറോട് ഭക്ഷണം കഴിച്ചു വരാൻ ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം മനസിലായതെന്ന് പൊലീസ് പറഞ്ഞു. 60 ഓളം സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. എഡ്‍വിൻ വാഹനം പൊളിച്ച് വിൽപ്പന നടത്തുന്നയാളാണ്.

15 കിലോമീറ്റർ ചുറ്റിവളഞ്ഞ് യാത്ര

തമിഴ്നാട്ടിൽ വച്ച് ലോറി മോഷ്ടിച്ചാൽ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്നുറപ്പിച്ചാണ് വാഹനം വിഴിഞ്ഞത്ത് എത്തിച്ച് തട്ടിപ്പ് നടത്താൻ ആസൂത്രണം ചെയ്തത്. രാജേഷ് അടൂരിലും തമിഴ്നാട്ടിലും രണ്ട് വാഹന മോഷണ കേസ് പ്രതിയാണ്. വാഹനവുമായി പ്രതികൾ നേരായവഴി പോകാതെ 15 കിലോമീറ്ററോളം ചുറ്റിയാണ് ഉണ്ണമക്കടൈയിലെ രണ്ടാം പ്രതിയുടെ ഗോഡൗണിൽ എത്തിയതെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.